modi

പുതുച്ചേരി: പുതുച്ചേരി സന്ദർശനത്തിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നുണ പറച്ചിലിൽ സ്വർണം, വെള്ളി, വെങ്കല മെഡലുകളെല്ലാം കോൺഗ്രസിനാണെന്നും ബ്രിട്ടീഷ് ഭരണകാലത്ത് ഭിന്നിപ്പിച്ച് ഭരിക്കുക എന്നതായിരുന്നു നയമെങ്കിൽ കോൺഗ്രസിന്റേത് ഭിന്നിപ്പിച്ചും നുണപറഞ്ഞും ഭരണം കൈക്കലാക്കുക എന്നതാണെന്നും മോദി പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അടുത്തിടെ നടത്തിയ പുതുച്ചേരി സന്ദർശനത്തെ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ പരിഹാസം.

പുതുച്ചേരിയിലെ പൊതുസമ്മേളനത്തിൽ ഫിഷറീസ് മന്ത്രാലയം വേണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യത്തേയും മോദി പരിഹസിച്ചു. മത്സ്യബന്ധനത്തിനായി ഒരു മന്ത്രാലയം ഉണ്ടാക്കുമെന്ന് കോൺഗ്രസ് നേതാവ് പറയുന്നത് കേട്ടപ്പോൾ ഞെട്ടിപ്പോയി. നിലവിലെ സർക്കാർ 2019 ൽ തന്നെ മന്ത്രാലയം രൂപീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒരു മത്സ്യത്തൊഴിലാളി സ്ത്രീയുടെ പരാതി രാജിവച്ച പുതുച്ചേരി മുഖ്യമന്ത്രി നാരായണസാമി രാഹുൽ ഗാന്ധിക്ക് തെറ്റായി വിവർത്തനം ചെയ്തതും മോദി പരാമർശിച്ചു.

'കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രാജ്യം മുഴുവൻ ഒരു വീഡിയോ കണ്ടു. നിസഹായയായ ഒരു സ്ത്രീ ചുഴലിക്കാറ്റിലും വെള്ളപ്പൊക്കത്തിലും പുതുച്ചേരി സർക്കാരും മുഖ്യമന്ത്രിയും അവഗണിച്ചതായി പരാതിപ്പെടുകയുണ്ടായി. രാജ്യത്തോട് സത്യം പറയുന്നതിനുപകരം, മുൻ പുതുച്ചേരി മുഖ്യമന്ത്രി സ്ത്രീയുടെ വാക്കുകൾ തെറ്റായി പരിഭാഷപ്പെടുത്തി.' - മോദി പറഞ്ഞു.

പുതുച്ചേരിയിലെ ജനങ്ങൾ കോൺഗ്രസ് സർക്കാരിന്റെ പതനം ആഘോഷിക്കുകയാണ്. സർക്കാരിൽ നിന്ന് ഒരു സഹകരണവും അവർക്ക് ലഭിച്ചിരുന്നില്ല. ഫണ്ടുകൾ വിനിയോഗിച്ചില്ല. തീരദേശ, മത്സ്യത്തൊഴിലാളികളുടെ വികസനത്തിനായി സൃഷ്ടിച്ച പദ്ധതികൾ നടപ്പാക്കിയിട്ടില്ല. നുണകളെ അടിസ്ഥാനമാക്കിയുള്ള സംസ്‌കാരം പുലർത്തുന്ന ഒരു പാർട്ടിക്ക് എപ്പോഴെങ്കിലും ജനങ്ങളെ സേവിക്കാൻ കഴിയുമോ?'- മോദി ചോദിച്ചു.