
ചെന്നൈ: കൊവിഡ് രോഗത്തിന്റെ അസാധാരണമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഒൻപത്, പത്ത്, പതിനൊന്ന് ക്ളാസുകളിലെ കുട്ടികൾക്ക് ഓൾ പാസ് നൽകാൻ തീരുമാനിച്ചുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ഇടപ്പാടി കെ പളനിസ്വാമി അറിയിച്ചു. 2020-21 അക്കാദമിക് വർഷത്തിലെ കുട്ടികൾക്കാണിത്. ഉയർന്ന ക്ളാസുകളായ ഈ കുട്ടികളെ പരീക്ഷകൂടാതെ തന്നെ ജയിപ്പിക്കും.
കൊവിഡിന്റെ അസാധാരണ സാഹചര്യമാണ് സംസ്ഥാനത്തുളളത്. ഈ പാഠ്യവർഷം മിക്ക ക്ളാസിലെ കുട്ടികളും മുഴുവനും ടിവിയിലൂടെയായിരുന്നു തമിഴ്‌നാട്ടിൽ വിദ്യാഭ്യാസം നടത്തിയത്. കൊവിഡ് രൂക്ഷമായതിനെ തുടർന്ന് 2020 മാർച്ച് 20ന് അടച്ച സ്‌കൂളുകൾ പിന്നീട് തുറന്നില്ല. ഈ പാഠ്യവർഷത്തിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സൗകര്യത്തിന് സിലബസ് കുറയ്‌ക്കുകയും ചെയ്‌തു. 10,12 ക്ളാസുകളിലെ കുട്ടികൾക്ക് കഴിഞ്ഞ മാസം അദ്ധ്യയനം സ്‌കൂളിൽ തന്നെ ആരംഭിച്ചിരുന്നു.