
മാഡ്രിഡ് : സ്പാനിഷ് ലാ ലിഗ ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരത്തിൽ എൽഷെയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ച ബാഴ്സലോണ മൂന്നാം സ്ഥാനത്ത് തുടരുന്നു. രണ്ട് ഗോളുകൾ നേടിയ സൂപ്പർ താരം ലയണൽ മെസിയും ഒരു ഗോളടിച്ച ജോർഡി ആൽബയും ചേർന്നാണ് ബാഴ്സയ്ക്ക് വിജയമൊരുക്കിയത്.
ബാഴ്സയുടെ തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതി ഗോൾരഹിതമായിരുന്നു.48-ാം മിനിട്ടിൽ ബ്രാത്ത്‌വെയ്റ്റിന്റെ പാസിൽ നിന്നാണ് മെസി സ്കോറിംഗ് തുടങ്ങിവച്ചത്.68-ാം മിനിട്ടിൽ ഫ്രാങ്ക് ഡി ജോംഗ് മദ്ധ്യനിരയിൽ നിന്ന് ഡിഫൻഡർമാരെ വെട്ടിച്ചുകൊണ്ടുവന്ന പന്തിൽനിന്ന് മെസി രണ്ടാം ഗോളും നേടി. 73-ാം മിനിട്ടിൽ ജോർഡി ആൽബയ്ക്ക് ഗോളടിക്കാൻ പന്തെത്തിച്ചതും ബ്രാത്ത്‌വെയ്റ്റാണ്.
ഈ വിജയത്തോടെ ബാഴ്സലോണയ്ക്ക് 24 മത്സരങ്ങളിൽ നിന്ന് 50 പോയിന്റായി. 23 മത്സരങ്ങളിൽ നിന്ന് 55 പോയിന്റ് നേടിക്കഴിഞ്ഞ അത്‌ലറ്റിക്കോ മാഡ്രിഡാണ് ലാ ലിഗയിൽ ഒന്നാം സ്ഥാനത്ത്. 24 കളികളിൽ നിന്ന് 52 പോയിന്റുള്ള റയൽ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.