
ചെന്നൈ: മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ പരാതിയിൽ തമിഴ്നാട് പൊലീസ് സ്പെഷ്യൽ ഡി.ജി.പി (ലോ ആൻഡ് ഓർഡർ) രാജേഷ് ദാസിനെതിരെ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. രാജേഷ് ദാസിനെ തരംതാഴ്ത്തുകയും ഔദ്യോഗിക കൃത്യനിർവഹണത്തിൽ നിന്ന് മാറ്റിനിറുത്തുകയും ചെയ്തു. വിജിലൻസ് ഡയറക്ടർ ഡി.ജി.പി കെ. ജയന്ത് മുരളിക്കാണ് പകരം ചുമതല. ഔദ്യോഗിക കൃത്യനിർവഹണത്തിനിടെ രാജേഷ് ദാസ് തന്റെ കാറിൽ കയറാൻ നിർബന്ധിച്ചെന്നും അപമര്യാദയായി പെരുമാറിയെന്നുമാണ് കേസ്. അഡീഷനൽ ചീഫ് സെക്രട്ടറി ജയശ്രീ രഘുനന്ദന്റെ മേൽനോട്ടത്തിൽ ആറംഗ അന്വേഷണ സമിതിയെ നിയോഗിച്ചു. എ.ഡി.ജി.പി സീമ അഗ്രവാൾ, ഐ.ജി എ. അരുൺ, ഡി.ഐ.ജി ബി. ഷാമുണ്ഡേശ്വരി, ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ വി.കെ. രമേശ് ബാബു, ഇന്റർനാഷനൽ ജസ്റ്റിസ് മിഷൻ പ്രോഗ്രാം മാനേജ്മെന്റ്തലവൻ ലോറീറ്റ ജോന തുടങ്ങിയവർ അന്വേഷണത്തിന് നേതൃത്വം നൽകും. തൊഴിലിടത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമം തടയുന്ന നിയമം അനുസരിച്ചാകും അന്വേഷണം.