india-cricket-win

ഇന്ത്യ തണ്ടിലേറിയത് രണ്ടുനാൾകൊണ്ട് , ഇന്നലെ മാത്രം പൊഴിഞ്ഞത് 17 വിക്കറ്റുകൾ

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത്,അടുത്ത ടെസ്റ്റ് തോൽക്കാതിരുന്നാൽ ഫൈനലിൽ കളിക്കാം

മൊട്ടേറ : ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ടെസ്റ്റിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്ന് സ്വന്തമാക്കി ഇന്ത്യ . മിന്നൽ പ്രളയംപോലെ വിക്കറ്റുകൾ ഒലിച്ചുപോകുന്നതുകണ്ട അഹമ്മദാബാദിലെ മൊട്ടേറ സ്റ്റേഡിയത്തിൽ രണ്ട് ദിനംകൊണ്ട് പത്തുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ഇതോടെ നാലുമത്സരപരമ്പരയിൽ ആതിഥേയർ 2-1ന് മുന്നിലെത്തി. അവസാന ടെസ്റ്റ് മാർച്ച് നാലിന് ഇതേവേദിയിൽ ആരംഭിക്കും.

ടോസ് നേടിയിറങ്ങിയ ഇംഗ്ളണ്ടിനെ ആദ്യ ഇന്നിംഗ്സിൽ 112ന് ആൾഔട്ടാക്കിയ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് 145ലവസാനിച്ചെങ്കിലും സ്പിന്നർമാരായ അക്ഷർ പട്ടേലും രവി ചന്ദ്രൻ അശ്വിനും പുറത്തെടുത്ത അതിഗംഭീരബൗളിംഗാണ് കളിയുടെ വിധി കുറിച്ചത്. രണ്ടാം ദിവസമായ ഇന്നലെ 99/3 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാൻ ഇറങ്ങിയ ഇന്ത്യ കണ്ണടച്ചുതുറക്കും മുമ്പ് 145 റൺസിൽ ആൾഔട്ടായതിന്റെ ഞെട്ടലിൽ ഇരുന്ന ഇന്ത്യൻ ആരാധകരെ ഉണർവിലേക്ക് തിരിച്ചെത്തിച്ചാണ് അശ്വിനും അക്ഷറും ചേർന്ന് ഇംഗ്ളണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് 81 റൺസിൽ അവസാനിപ്പിച്ചത്. 30.4 ഓവർകൊണ്ടാണ് ഇന്ത്യ ഇംഗ്ളണ്ടിന്റെ രണ്ടാം ഇന്നിംഗ്സ് അവസാനിപ്പിച്ചുകളഞ്ഞത്. ആദ്യ ഇന്നിംഗ്സിൽ ആറുവിക്കറ്റുകൾ വീഴ്ത്തിയിരുന്ന അക്ഷർ പട്ടേൽ രണ്ടാം ഇന്നിംഗ്സിൽ അഞ്ചുവിക്കറ്റുകളും കൂടി പിഴുതെടുത്ത് കരിയറിലെ ആദ്യ 10 വിക്കറ്റ് നേട്ടത്തിലെത്തിയപ്പോൾ രണ്ടാം ഇന്നിംഗ്സിൽ നാലുപേരെ മടക്കി അയച്ച് അശ്വിൻ ടെസ്റ്റ് ക്രിക്കറ്റിൽ 400 വിക്കറ്റുകൾ തികയ്ക്കുന്ന നാലാമത്തെ ഇന്ത്യൻ ബൗളറായി.

ഇന്നലെ ഉച്ചയ്ക്ക് രോഹിത് ശർമ്മയും (66) അജിങ്ക്യ രഹാനെയും (7) ചേർന്നാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. തലേന്നത്തെ സ്കോറിനാെപ്പം 15 റൺസ് കൂട്ടിച്ചേർത്തപ്പോൾതന്നെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.ഇംഗ്ളണ്ടിന്റെ ആദ്യ ഇന്നിംഗ്സ് സ്കോർ മറികടന്നയുടനെ അജിങ്ക്യ രഹാനെയെ ജാക്ക് ലീച്ച് വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. തൊട്ടുപിന്നാലെ രോഹിത് ശർമ്മയെയും സമാനരീതിയിൽ ലീച്ച് മടക്കി അയച്ചതോടെ ഇന്ത്യ അപകടം മണത്തു. ഒറ്റ സപെഷ്യലിസ്റ്റ് സ്പിന്നറുമായി ഇറങ്ങിയ ഇംഗ്ളണ്ടിനായി പാർട്ട‌്ടൈം സ്പിന്നറായ നായകൻ ജോ റൂട്ട് പന്ത് ഏറ്റെടുത്തതോടെ ആതിഥേയർക്ക് കാര്യങ്ങൾ കൂടുതൽ വിഷമമായി.

റിഷഭ് പന്തിനെ(1) കീപ്പർ ബെൻ ഫോക്സിന്റെ കയ്യിലെത്തിച്ചാണ് റൂട്ട് തുടങ്ങിയത്. തുടർന്ന് ഇടംകയ്യൻമാരായ വാഷിംഗ്ടൺ സുന്ദർ (0), അക്ഷർ പട്ടേൽ (0) എന്നിവരെ റണ്ണെടുക്കാൻ അനുവദിക്കാതെ മടക്കിയതോടെ ഇന്ത്യ 125/8 എന്ന നിലയിലായി. 17 റൺസെടുത്ത അശ്വിനെയും റൂട്ടാണ് പുറത്താക്കിയത്. ഒരു സിക്സടക്കം 10 റൺസടിച്ച ഇശാന്ത് ശർമ്മ ഒരറ്റത്ത് നിൽക്കേ ജസ്പ്രീത് ബുംറയെ വിക്കറ്റിന് മുന്നിൽ കുരുക്കി റൂട്ട് ഇന്ത്യൻ ഇന്നിംഗ്സിന് കർട്ടനിട്ടു. 33 റൺസിന്റെ ലീഡ് മാത്രമാണ് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സിൽ നേടാനായത്. 6.2ഓവർ എറിഞ്ഞ റൂട്ട് വെറും എട്ട് റൺസ് വിട്ടുകൊ‌ടുത്താണ് കരിയറിലെ ആദ്യ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ജാക്ക് ലീച്ച് നാലുവിക്കറ്റ് സ്വന്തമാക്കി.

തുടർന്ന് രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ഇംഗ്ളണ്ടിനെ അക്ഷറും അശ്വിനും ചേർന്ന് പിച്ചിച്ചീന്തുകയായിരുന്നു. ബൗളിംഗ് ഓപ്പൺ ചെയ്ത അക്ഷർ ആദ്യ പന്തിൽത്തന്നെ സാക്ക് ക്രാവ്‌ലിയെ ക്ളീൻ ബൗൾഡാക്കി. മൂന്നാം പന്തിൽ ബെയർസ്റ്റോയുടെ കുറ്റിയും പട്ടേൽ തെറുപ്പിച്ചതോടെ കാര്യങ്ങൾ ഒരു ഏകദേശധാരണയിലെത്തിയിരുന്നു.തുടർന്ന് വരിവരിയായി ഇംഗ്ളീഷ് താരങ്ങൾ കൂടാരം കയറാൻ തുടങ്ങി.ടീം സ്കോർ 19ൽ വച്ച് സിബിലിയെ അക്ഷർ പന്തിന്റെ ഗ്ളൗസിലെത്തിച്ചു. ജോ റൂട്ടും(19) ബെൻ സ്റ്റോക്ക്സും (25) ചെറുത്തുനിൽക്കാൻ നോക്കിയെങ്കിലും അശ്വിന്റെ വരവ് അതും തകർത്തു. ടീം സ്കോർ 50ലെത്തിയപ്പോൾ സ്റ്റോക്സിനെ എൽ.ബിയിൽ കുരുക്കുകയായിരുന്നു അശ്വിൻ. അടുത്ത ഓവറിൽത്തന്നെ പട്ടേൽ റൂട്ടിനെ എൽ.ബിയിൽ കുരുക്കി.തുടർന്ന് ഒല്ലീ പോപ്പ് (12),ആർച്ചർ(0),ലീച്ച് (9)

എന്നിവരെക്കൂടി അശ്വിൻ മടക്കി അയച്ചു. ബെൻ ഫോക്സിനെ(8) എൽ.ബിയിൽ കുടുക്കിയാണ് പട്ടേൽ ആറാം വിക്കറ്റ് തികച്ചത്. ജെയിംസ് ആൻഡേഴ്സൺ വാഷിംഗ്ടൺ സുന്ദറിന്റെ പന്തിൽ റിഷഭിന് ക്യാച്ച് നൽകിയതോടെ ഇന്ത്യയ്ക്ക് 49 റൺസ് ലക്ഷ്യവുമായി ഇംഗ്ളണ്ടിന്റെ രണ്ടാം ഇന്നിംഗ്സും അവസാനിച്ചു.

പിച്ച് ചതിക്കുമോ എന്ന് ഭയന്നെങ്കിലും രോഹിതും (19) ശുഭ്മാൻ ഗില്ലും ചേർന്ന് (15) ഓവറിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചു.

അശ്വിൻ@ 400

ഇന്നലെ ജൊഫ്ര ആർച്ചറെ വിക്കറ്റിന് മുന്നിൽ കുരുക്കിയാണ് അശ്വിൻ ടെസ്റ്റിൽ 400 വിക്കറ്റുകൾ തികച്ചത്. അനിൽ കുംബ്ളെ(619),കപിൽ ദേവ് (434), ഹർഭജൻ സിംഗ് (417) എന്നിവരാണ് അശ്വിന് മുമ്പ് ഈ നാഴികക്കല്ല് താണ്ടിയ ഇന്ത്യൻ ബൗളർമാർ.

ലോകത്ത് ഈ നേട്ടം കരസ്ഥമാക്കുന്ന 16-ാമത്തെ ബൗളറും ആറാമത്തെ സ്പിന്നറുമാണ് അശ്വിൻ.

34കാരനായ അശ്വിൻ തന്റെ 77-ാം ടെസ്റ്റിലാണ് ഈ നേട്ടത്തിലെത്തിയത്.