pinarayi-vs-yogi

തിരുവനന്തപുരം: ഉത്തർപ്രദേശ് സർക്കാരിനെതിരെയും മുഖ്യമന്ത്രിണ് യോഗി ആദിത്യനാഥിനെതിരെയും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അഞ്ച് വർഷക്കാലത്തിനിടയിൽ ഒരു വർഗീയ കലാപവും നടക്കാത്ത നാടാണിതെന്നും മതേതര മൂല്യങ്ങൾക്ക് വില നൽകുന്ന ജനതയാണ് കേരളത്തിലേതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, യുപിയിലെ സ്ഥിതി ഇങ്ങനെയല്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. എത്ര വർഗീയ കലാപങ്ങളും വിദ്വേഷപ്രവർത്തനങ്ങളുമാണ് അവിടെ നടക്കുന്നതെന്ന് മാദ്ധ്യമങ്ങൾ തന്നെ റിപ്പോർട്ട് ചെയ്തതാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും സമാനമായ രീതിയിൽ കേരളത്തെ കുറ്റപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്തുതന്നെ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്നത് യുപിയിലാണ്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറയുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ജനങ്ങളെ തമ്മിൽ തല്ലിക്കാനാണ് സർക്കാർ നോക്കുന്നതെന്നും കേരളം മിക്ക കാര്യത്തിലും പിന്നിലാണെന്നുമുള്ള യുപി മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

'കേരളം അഴിമതിയുടെയും അരാജകത്വത്തിന്റെയും നാടാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. കേരളം പോലെ സാക്ഷരരും സാംസ്‌കാരിക സമ്പന്നരുമായ ജനങ്ങളുള്ള നാട് അരാജകത്വത്തിലാണെന്നു പറയുന്നവർ ഈ നാടിനെ പറ്റി മനസിലാക്കിയിട്ടില്ല എന്നത് ഉറപ്പ്. അഴിമതി തുടച്ചുനീക്കുന്നതിൽ ക്രിയാത്മകമായ ഇടപെടലുകൾ നടത്തിയിട്ടുള്ള ഒരു സർക്കാരാണ് ഇവിടെയുള്ളത്. അതിന്റെ ഫലം ജനങ്ങൾക്ക് ലഭിക്കുന്നുമുണ്ട്'-മുഖ്യമന്ത്രി പറഞ്ഞു.

രാജ്യത്ത് അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. 2019ൽ സെന്റർ ഫോർ മീഡിയാ സ്റ്റഡീസും ട്രാൻസ്പരൻസി ഇന്റർനാഷണൽ ഇന്ത്യയും ലോക്കൽ സർക്കിൾസും നടത്തിയ കറപ്‌ഷൻ സർവേയിൽ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണ്. അതേസമയം രാജ്യത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് യുപിലാണെന്ന് പറഞ്ഞത് അവിടത്തെ ബിജെപി എംഎൽഎ തന്നെയാണ്. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് തന്റെ വകുപ്പിലാണെന്നും യുപി വൈദ്യുതി മന്ത്രി ശ്രീകാന്ത് ശർമ്മ 2021 ജനുവരിയിൽ പറഞ്ഞ കാര്യവും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. കേരളത്തിന്റെ യുവാക്കൾ തൊഴിൽ കിട്ടാതെ നാടുവിടുന്നു എന്ന യോഗിയുടെ പരാമർശത്തെയും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കൾ തൊഴിൽ തേടി പുറത്തുപോകുന്നത് എവിടെയും ജോലി ചെയ്യാനുള്ള പ്രാപ്തി അവർക്ക് ഉള്ളതുകൊണ്ടാണ്. മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ അതിഥി തൊഴിലാളികളിൽ 15 ശതമാനം പേർ ഉത്തർപ്രദേശിൽ നിന്നും വന്നവരാണ്. അത് ജോലി കിട്ടാതെ നാടുവിടുന്നത് കൊണ്ടാണോ? അവർക്ക് ഇൻഷുറൻസ് പരിരക്ഷ അടക്കം മികച്ച സൗകര്യങ്ങൾ കേരളത്തിൽ ലഭിക്കുന്നുണ്ട്. അവരോടു ചോദിച്ചാൽ കേരളത്തെ പറ്റി മനസിലാക്കാൻ കഴിയും. സ്ത്രീകൾക്കെതിരെ ഏറ്റവും കൊടുത്താൽ കുറ്റകൃത്യങ്ങൾ നടന്നതായി രേഖപ്പെടുത്തിയ സംസ്ഥാനം യുപിയാണെന്നുള്ള കാര്യവും മുഖ്യമന്ത്രി പിണറായി വിജയൻ ഓർമ്മിപ്പിച്ചു. സ്ത്രീകൾക്കെതിരെ യുപിയിൽ നടക്കുന്ന കുറ്റകൃത്യങ്ങൾ കഴിഞ്ഞ നാല് വർഷത്തിനിടെ 667 ശതമാനം വരെയാണ് വർദ്ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.