chenab

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽപാലത്തിന്റെ നിർമാണം ജമ്മു കാശ്‌മീരിൽ ഉടൻ പൂർത്തിയാകും. കമാനാകൃതിയുള്ള പാലത്തിന്റെ നിർമാണപ്രവർത്തനങ്ങൾ മൂന്ന് കൊല്ലം മുമ്പാണ് ആരംഭിച്ചത്. ചെനാബ് നദിക്ക് കുറുകെ നിർമിക്കുന്ന പാലത്തിന് രാജ്യത്തിന്റെ ഇതരഭാഗങ്ങളുമായി കാശ്‌മീരിനെ ബന്ധിപ്പിക്കാൻ സഹായിക്കും. കമാനത്തിന് 467 മീറ്റർ നീളമുള്ള പാലം നദിയിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്.

'അദ്ഭുതകരമായ അടിസ്ഥാനസൗകര്യം അണിഞ്ഞൊരുങ്ങുന്നു' എന്ന കുറിപ്പോടെയാണ് ചെനാബ് പാലത്തിന്റെ ചിത്രം കേന്ദ്ര റെയിൽവെ മന്ത്രി പീയുഷ് ഗോയൽ ട്വിറ്ററിൽ ഷെയർ ചെയ്തത്. പാലത്തിന്റെ ഉരുക്കു കമാനത്തിന്റെ നിർമാണം അവസാനഘട്ടത്തിലാണെന്നും നിർമാണപ്രവർത്തനങ്ങളുടെ കാര്യത്തിൽ മറ്റൊരു നാഴികക്കല്ല് കൂടി ഇന്ത്യൻ റെയിൽവെ സ്വന്തമാക്കുകയാണെന്നും ഗോയൽ ട്വീറ്റിൽ രേഖപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയിൽപാലമാണിതെന്നും അദ്ദേഹം കുറിച്ചു

2017 നവംബറിൽ നിർമാണം ആരംഭിച്ച പാലത്തിന് 1250 കോടി രൂപയാണ് നിർമാണ ചെലവ്. പാരിസിലെ ഈഫൽ ടവറിനേക്കാൾ 35 മീറ്റർ ഉയരമുണ്ട് ഈ പാലത്തിന് (നദിയിൽ നിന്നുള്ള ഉയരം). പാലത്തിന്റെ ആകെ നീളം 1,315 മീറ്ററാണ്. 17 തൂണുകൾ പാലത്തിനെ താങ്ങി നിർത്തുന്നു.

റിക്ടർ സ്‌കെയിലിൽ എട്ട് വരെയുള്ള ഭൂചലനത്തെ അതിജീവിക്കാനുള്ള ശേഷി പാലത്തിനുണ്ടെന്ന് അധികൃതർ പറയുന്നു. കൂടാതെ ശക്തിയേറിയ സ്‌ഫോടനങ്ങളെ അതിജീവിക്കാനും പാലത്തിന് ശേഷിയുണ്ട്. ഭീകരാക്രമണത്തേയും ഭൂചലനത്തേയും പ്രതിരോധിക്കാൻ സഹായകമായ സുരക്ഷാസംവിധാനവും പാലത്തിൽ സജ്ജമാക്കിയിട്ടുണ്ട്‌.

കാശ്‌മീർ റെയിൽവെ പദ്ധതിയിൽ പെടുന്ന ഉധംപുർ ശ്രീനഗർ ബാരാമുള്ള സെക്ഷന്റെ ഭാഗമായ കത്രയ്ക്കും ബനിഹാലിനും ഇടയിലെ 111 കിലോമീറ്ററിനെ ബന്ധിപ്പിക്കുന്ന പ്രധാന കണ്ണിയാകും ചെനാബ് പാലം. 2004 ൽ പാലത്തിന്റെ പ്രാരംഭ നിർമാണപ്രവർത്തനം ആരംഭിച്ചെങ്കിലും ഈ മേഖലയിലെ അതീവചലനവേഗതയുള്ള കാറ്റ് വീശുന്നത് യാത്രക്കാർക്ക് അപകടകരമായേക്കുമെന്ന നിഗമനത്തിൽ നിർമാണം നിർത്തി വെച്ചിരുന്നു.