
ബ്രാഹ്മണ സമുദായത്തെ അപമാനിക്കുന്നുവെന്ന ആരോപണത്തെ തുടർന്ന് തെലുങ്ക് ചിത്രത്തിൽ നിന്നും 14 സീനുകൾ നീക്കം ചെയ്തു. ചിത്രത്തിൽ ബ്രാഹ്മണരെ അധിക്ഷേപിക്കുന്ന തരത്തിലുള്ള രംഗങ്ങളുണ്ടെന്ന് കാണിച്ച് സമുദായത്തിൽപ്പെട്ടവർ പ്രതിഷേധവുമായി രംഗത്തുവന്നിരുന്നു. തുടർന്ന്, കർണാടക ഫിലിം ചേംബറിന് മുന്നിലായി ഇവർ പ്രതിഷേധപ്രകടനം നടത്തുകയും ചെയ്തിരുന്നു.
ശേഷം, ഫിലിം ചേംബറും കർണാടക ബ്രാഹ്മിൺ ഡെവലപ്പ്മെന്റ് ബോർഡും തമ്മിൽ ചർച്ചകൾ നടത്തിയ ശേഷമാണ് രംഗങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമുണ്ടായത്. വിവാദത്തെ തുടർന്ന് സമുദായത്തെ പിന്തുണച്ചുകൊണ്ട് ബിജെപി എംപി ശോഭ കരന്ദ്ലജെ ഉൾപ്പെടെ പാർട്ടിയിലെ നിരവധി പേർ രംഗത്ത് വന്നിരുന്നു.

ഹിന്ദുക്കളെ അപമാനിക്കുന്നത് ഒരു ഫാഷനായി മാറിയിരിക്കുകയാണെന്നും മറ്റ് മതങ്ങളെ ഇത്തരത്തിൽ കാണിക്കാൻ ധൈര്യമുണ്ടോ എന്നുമായിരുന്നു അവർ തന്റെ ട്വീറ്റ് വഴി ചോദിക്കുന്നത്. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തുന്നത് കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ലെന്നും അവർ പറയുന്നുണ്ട്.
കൊവിഡ് സാഹചര്യത്തിൽ കർണാടകത്തിൽ പുറത്തിറങ്ങിയ ഏക ബിഗ് ബഡ്ജറ്റ് ചിത്രമാണ് 'പൊഗരു'. ധ്രുവ സർജയും രശ്‌മിക മന്ദാനയുമാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപിക്കുന്നത്. സിനിമയിലെ കഥാപാത്രം ഒരു ബ്രാഹ്മണ പുരോഹിതന്റെ തോളിൽ കാലുവെക്കുന്ന രംഗം സോഷ്യൽ മീഡിയയിലൂടെ ഒരു യുവാവ് പങ്കുവെച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്.