
ഇസ്ളാമാബാദ്: തീവ്രവാദത്തിന് സാമ്പത്തിക സഹായം ചെയ്യുന്ന ശക്തികളെ കണ്ടെത്തി അമർച്ച ചെയ്യാൻ കഴിയാത്ത പാകിസ്ഥാനെ 'ഗ്രേ ലിസ്‌റ്റി'ൽ ഉൾപ്പെടുത്തി അന്താരാഷ്‌ട്ര സംഘടനയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്). അന്താരാഷ്‌ട്ര തലത്തിൽ കളളപ്പണം വെളുപ്പിക്കുന്നതിനും തീവ്രവാദത്തിന് സാമ്പത്തിക സഹായം ലഭിക്കുന്നതുമായ ശക്തികൾക്കെതിരെ പ്രവർത്തിക്കുന്ന സംഘടനയാണ് എഫ്.എ.ടി.എഫ്.
തന്ത്രപരമായി തീവ്രവാദത്തെ നേരിടുന്നതിൽ പാകിസ്ഥാൻ പരാജയപ്പെട്ടിരിക്കുകയാണെന്ന് വിലയിരുത്തിയ സംഘടന തങ്ങൾ ആവശ്യപ്പെട്ട 27 കാര്യങ്ങൾ പാകിസ്ഥാൻ ശരിയായ രീതിയിൽ നടപ്പാക്കിയില്ലെന്ന് കണ്ടെത്തി. തീവ്രവാദത്തെ നേരിടുന്ന നടപടികളിൽ പാകിസ്ഥാൻ ചെറിയ പുരോഗതി വരുത്തിയിട്ടുണ്ടെങ്കിലും തീവ്രവാദത്തിന് പണം നൽകുന്നവർക്കെതിരായ നടപടികളിൽ വന്ന പിഴവ് തിരുത്താനുളള പാകിസ്ഥാന്റെ ആക്ഷൻപ്ളാൻ ഇനിയും പൂർണമാക്കാനുണ്ടെന്ന് എഫ്.എ.ടി.എഫ് പ്രസിഡന്റ് മാർകസ് പ്ളെയെർ പാരിസിൽ പറഞ്ഞു.
കഴിഞ്ഞ ഒക്‌ടോബറിലാണ് തീവ്രവാദത്തിന് സാമ്പത്തിക സഹായം നൽകുന്ന ശക്തികളെ അടിച്ചമർത്താൻ എഫ്.എ.ടി.എഫ് പാകിസ്ഥാനോട് ആവശ്യപ്പെട്ടത്. ഫെബ്രുവരി വരെയായിരുന്നു സമയം അനുവദിച്ചത്. എന്നാൽ പാകിസ്ഥാൻ ഇക്കാര്യത്തിൽ കാര്യമായ പുരോഗതിയൊന്നും വരുത്തിയിട്ടില്ല. ജൂൺ മാസത്തിനകം 27ൽ ബാക്കിയുളള മൂന്ന് കാര്യങ്ങളും പൂർത്തിയാക്കണമെന്ന് എഫ്.എ.ടി.എഫ് പാകിസ്ഥാന് മുന്നറിയിപ്പ് നൽകി.
സാമ്പത്തിക സഹായം നൽകുന്ന ആയിരത്തിലധികം തീവ്രവാദികൾക്കെതിരെ നടപടിയെടുക്കുകയാണ് പാകിസ്ഥാൻ ചെയ്യേണ്ടത്. ഗ്രേ ലിസ്‌റ്റിൽ പാകിസ്ഥാൻ ഉൾപ്പെടുമ്പോൾ അന്താരാഷ്‌ട്ര നാണയ നിധിയിൽ ഉൾപ്പടെ ആഗോള സംഘടനകളിൽ നിന്ന് വികസനത്തിന് സാമ്പത്തിക സഹായം ലഭിക്കില്ല. നിലവിൽ കടുത്ത ദാരിദ്രാവസ്ഥയിൽ വിഷമിക്കുന്ന രാജ്യത്തിന് വൻ തിരിച്ചടി തന്നെയാണ് ഈ തീരുമാനം. എന്നാൽ പാകിസ്ഥാൻ ഗ്രേ ലിസ്‌റ്റിൽ തന്നെ തുടരാൻ ചില യൂറോപ്യൻ രാജ്യങ്ങൾ എഫ്.എ.ടി.എഫിനെ നിർബന്ധിച്ചതായി പാക് മാദ്ധ്യമങ്ങൾ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ 13 വർഷമായി ഗ്രേ ലിസ്‌റ്റിൽ തുടരുന്ന പാകിസ്ഥാന് 38 ബില്യൺ ഡോളർ സാമ്പത്തിക നഷ്‌ടമാണ് ഉണ്ടായത്.