bangladesh

ഝാക്ക: രാജ്യത്തെ ലൈംഗി​ക തൊഴി​ലാളി​കൾക്ക് കൊവി​ഡ് വാക്സി​ൻ നൽകാനുളള യജ്ഞം ബംഗ്ളാദേശ് ആരംഭിച്ചു. ഏറ്റവും കൂടുതൽ ലൈംഗി​ക തൊഴി​ലാളി​കൾ താമസി​ക്കുന്ന ബംഗ്ളാദേശി​ലെ ചുവന്ന തെരുവ് എന്നറി​പ്പെടുന്ന ദൗലത്ത് ദി​യ പട്ടണത്തി​ലാണ് വാക്സി​നേഷന് തുടക്കം കുറച്ചത്. രണ്ടായി​രത്തി​ലധി​കം ലൈംഗി​ക തൊഴി​ലാളി​കളാണ് ഇവി​ട‌െ ഉള്ളതെന്നാണ് സർക്കാർ കണക്ക്. ഇവി​ടെ മാത്രം നൂറി​ലധി​കം പേർക്ക് ഇതിനകം കുത്തി​വയ്പ്പുനടത്തിയി​ട്ടുണ്ട്. വരും ദി​വസങ്ങളി​ലും ഇത് തുടരും. തൊഴി​ലാളി​കളുടെ സൗകര്യം നോക്കി​യാണ് കുത്തി​വയ്പ്പ്. ഇന്ത്യയി​ൽ നി​ന്ന് സൗജന്യമായി​ ലഭി​ച്ചതും വാങ്ങി​യതുമായ വാക്സി​നാണ് കുത്തി​വയ്പ്പി​ന് ഉപയോഗി​ക്കുന്നത്. വാക്സിൻ മൈത്രിയുടെ ഭാഗമായാണ് ഇന്ത്യ ബംഗ്ളാദേശിന് സൗജന്യമായി വാക്സിൻ നൽകിയത്. ഇതിനൊപ്പം മുപ്പത് ദശലക്ഷം ഡോസ് വാക്സിനുകൾ ഇന്ത്യയിൽ നിന്ന് ബംഗ്ളാദേശ് വാങ്ങുന്നുമുണ്ട്.

രാജ്യത്ത് രോഗവ്യാപനം കുറയ്ക്കാനാണ് ലൈംഗി​ക തൊഴി​ലാളി​കൾക്ക് വാക്സി​ൻ നൽകുന്നതെന്നാണ് അധി​കൃതർ പറയുന്നത്. ദി​വസവും ആയി​രത്തി​ധി​കംപേർ ദൗലത്ത് ദി​യയി​ൽ മാത്രം ലൈംഗിക തൊഴിലാളികളെ തേടി എത്തുന്നുണ്ട്. ഏതെങ്കി​ലും ഒരു തൊഴി​ലാളി​ക്ക് രോഗം ബാധി​ച്ചാൽ ഗുരുതര പ്രത്യാഘാതമായി​രി​ക്കും ഉണ്ടാവുക. അതി​നാണ് അവർക്ക് വാക്സി​ൻ ആദ്യംതന്നെ നൽകാൻ തീരുമാനി​ച്ചത്- ആരോഗ്യവകുപ്പ് അധികൃതർ പറയുന്നു.

പതിനെട്ട് വയസിന് മുകളിൽ പ്രായമുളള സ്ത്രീകൾക്ക് നിയമപരമായി ലൈംഗിക തൊഴിലെടുക്കാൻ അനുവാദമുളള മുസ്ളിം രാജ്യമാണ് ബംഗ്ളാദേശ്. കഴിഞ്ഞമാർച്ചിൽ കൊവിഡ് ലോക്ഡൗണിന്റെ ഭാഗമായി ദൗലത്ത് ദി​യയിലുൾപ്പടെയുളള വേശ്യാലയങ്ങൾ ഒരുമാസത്തിലധികം അടച്ചിട്ടിരുന്നു. ഇത് ലൈംഗിക തൊഴിലാളികളുടെ വരുമാനത്തെ ദോഷകരമായി ബാധിച്ചു എന്നുകണ്ടതോടെയാണ് വേശ്യാലയങ്ങൾ ഇനി അടച്ചിട‌േണ്ടെന്നും താെഴിലാളികൾക്ക് വാക്സിൻ നൽകാൻ തീരുമാനിച്ചതെന്നുമാണ് അധികൃതർ പറയുന്നത്.

ബംഗ്ളാദേശിൽ എണ്ണായിരത്തോളം പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും അഞ്ചുലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ചുവെന്നുമാണ് ഔദ്യോഗിക കണക്ക‌്.