election

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് നടക്കും. കേരളം ഉൾപ്പടെ അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയാണ് പ്രഖ്യാപിക്കുക. വൈകുന്നേരം നാലരയ്‌ക്കാണ് വിഗ്യാൻ ഭവനിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്. കേരളത്തിന് പുറമെ തമിഴ്‌നാട്, പശ്‌ചിമ ബംഗാൾ, അസം, പുതുച്ചേരി സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പാണ് പ്രഖ്യാപിക്കുന്നത്. കുഞ്ഞാലിക്കുട്ടി എം പി സ്ഥാനം രാജിവച്ച ഒഴിവിലേക്കുളള മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പിന്റെ തീയതിയും ഇന്ന് പ്രഖ്യാപിക്കും.

തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതോടെ മാതൃകാ പെരുമാറ്റ ചട്ടം ഇന്ന് വൈകീട്ട് നിലവിൽ വരും. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മുന്നൊരുക്കങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രതിനിധികൾ നേരിട്ടെത്തി വിലയിരുത്തിയിരുന്നു. കേരളത്തിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം. ഏപ്രിൽ മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തണമെന്ന് യു ഡി എഫും എൽ ഡി എഫും ആവശ്യപ്പെട്ടപ്പോൾ മേയ് മാസത്തിൽ തിരഞ്ഞെടുപ്പ് നടത്തിയാൽ മതിയെന്നായിരുന്നു ബി ജെ പി ആവശ്യപ്പെട്ടത്.

കമ്മിഷന്റെ സമ്പൂർണ യോഗം ഇന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്ത് ചേരുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൈകുന്നേരം വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്.