
കവിതകൊണ്ട് പുതിയ കാലത്തിന്റെ നെഞ്ചു കടഞ്ഞ കവിയാണ് സൗമ്യമായൊരു ചിരിയും സൗരതീക്ഷ്ണമായ വരികളും ബാക്കിവച്ചു മടങ്ങിയത്. കവിതകൊണ്ടു മാത്രമല്ല, ജീവിതം കൊണ്ടും വിഷ്ണുനാരായണൻ നമ്പൂതിരി നിർവഹിച്ചത് ഈ മഥനമാണ്. കാലുഷ്യങ്ങളോട് നിരന്തരകലഹം പ്രഖ്യാപിക്കുന്നതിനു പകരം കാളകൂടത്തിൽ നിന്ന് അമൃതം കടഞ്ഞെടുക്കുന്ന കാവ്യരസതന്ത്രം മലയാളത്തിൽ അത്രയൊന്നും സാധാരണമായിരുന്നില്ലതാനും. കവിതയിലെ ഈ കടച്ചിൽ തന്നെയാണ് ഇംഗ്ളീഷ് അദ്ധ്യാപകനായിരിക്കെ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലേക്ക് ദിവസവും സൈക്കിൾ ചവിട്ടിയെത്തുമ്പോൾ മാഷ് നിശ്ശബ്ദമായി ചെയ്തത്. പദമോരോന്നിലും ധ്യാനഭരിതമായിരുന്ന യാത്ര പൂർണമായിരിക്കുന്നു.
മലയാള കവിതയുടെ വെൺശംഖിൽ ഭാരതീയ പൈതൃകത്തിന്റെ തീർത്ഥം നിറച്ച കവി ഏറ്റവുമധികം തവണ യാത്രചെയ്തത് ഹിമാലയത്തിലേക്കാണ്. ഭാരതീയത എന്ന അനന്യമായ അനുഭവ യാഥാർത്ഥ്യത്തിന്റെ ആകാശപ്പൊക്കം തൊടുകയായിരുന്നിരിക്കണം, ഈ ഓരോ യാത്രയിലും കവി. ഹിമാലയ യാത്രാനുഭവങ്ങൾ കൂടി ഉൾപ്പെട്ട പുസ്തകത്തിന് അദ്ദേഹം നൽകിയ പേര് 'യാതായാതം' എന്നാണ്. ഒരു കാവ്യസമാഹാരത്തിന്റെ പേര് 'പരിക്രമം.' ആദ്യ പദത്തിന് അർത്ഥം പോക്കുവരവ് എന്നാണ്. രണ്ടാമത്തേത് ചുറ്റിത്തിരിയൽ. സഞ്ചാരമാണ് രണ്ടും. കവിതയിലൂടെ വിഷ്ണുനാരായണൻ നമ്പൂതിരി നടത്തിയ സഞ്ചാരത്തിന് ഒരേസമയം തീർത്ഥായനത്തിന്റെ സൗമ്യവിശുദ്ധിയും തിരച്ചിലിന്റെ തീക്ഷ്ണഗതിയുമുണ്ട്.
കാശിയും കൈലാസവും കാണാൻ പോകുന്നയാൾ കടൽ കടന്ന് അമേരിക്കയിലേക്കും കാനഡയിലേക്കും ഗ്രീസിലേക്കുമൊക്കെ സഞ്ചാരദൂരം നീട്ടിയതിലെ പിടികിട്ടായ്‌കയ്ക്ക് ഉത്തരമൊന്നേയുള്ളൂ: ആത്മാന്വേഷണമെന്നതുപോലെ ബാഹ്യാന്വേഷണവുമായിരുന്നു ആ ജീവിതവും കവിതയും. അതല്ലെങ്കിൽ, സർവതിലും നിറഞ്ഞിരിക്കുന്നതിനെ അകത്തു നിന്നും പുറത്തുനിന്നും കണ്ടെടുക്കുന്ന പര്യവേക്ഷണമായിരുന്നു ഓരോ പുറപ്പെടലും. പുതുമകളെല്ലാം കണ്ടുമടങ്ങിയത് ഓരോ തവണയും തിരുവനന്തപുരത്തെ സ്വന്തം 'സൈക്കിൾ സീറ്റിലേക്കാ'ണെന്നു മാത്രം. അതൊരു തിരിച്ചറിവാണ്. കാഴ്ചകൾക്കും കൗതുകങ്ങൾക്കും ഭ്രമിപ്പിക്കാനാകാത്ത ഒന്നിനെക്കുറിച്ചുള്ള തിരിച്ചറിവ്. ആ തിരിച്ചറിവാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളിൽ വേരും ശിഖരവുമായി ആഴ്ന്നതും പടർന്നതും.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഇംഗ്ളീഷ് വകുപ്പ് അദ്ധ്യക്ഷനായി വിരമിച്ചതിനു പിറ്റേന്ന് തിരുവല്ല ശ്രീവല്ലഭ ക്ഷേത്ര മേൽശാന്തിയായി ചുമതലയേറ്റ പ്രൊഫസറെക്കുറിച്ച് പുതിയ കാലം നെറ്റിയിൽ ചുളിവു വരയ്‌ക്കുന്നതിൽ അദ്ഭുതത്തിന് എന്തു സ്ഥാനം? അതൊരു നിയോഗമായിരുന്നുവെന്ന് അറിയുന്നവർ കുറവ്. അഞ്ചു മക്കളെയും ശ്രീവല്ലഭവൻ മരണത്തിലേക്ക് തിരിച്ചെടുത്തപ്പോൾ ഒരമ്മ നടത്തിയ പ്രാർത്ഥനയിൽ പിറന്ന ആറാമന്റെ നിയോഗം! അതു ധിക്കരിച്ചില്ല, അദ്ദേഹം. കവിതയിലും വിഷ്ണുനാരായണൻ നമ്പൂതിരി നടത്തിയത് അതുപോലൊരു നീരാജനമാണ്. ഓരോ വരിയും ഭാരതീയ പൈതൃകത്തിനു മുന്നിലെ തിരിയുഴിച്ചിൽ.
സാമ്പ്രദായിക രീതിയിൽ സംസ്കൃതവും വേദ, പുരാണങ്ങളും പഠിച്ചായിരുന്നു വിഷ്ണുനാരായണൻ നമ്പൂതിരിയുടെ തുടക്കം. ആഴത്തിലേക്കും ഉയരത്തിലേക്കും ഒരുമിച്ചു പറക്കാനുള്ള മന്ത്രം പഠിച്ചത് വേദങ്ങളിൽ നിന്നാണ്. ഭാരതീയ പൈതൃകത്തിന്റെ ആഴങ്ങളിൽ നിന്ന് ആധുനിക കാലത്തിന്റെ ആകാശങ്ങളിലേക്ക് സ്വന്തം കവിതയ്ക്ക് വിഷ്ണുനാരായണൻ നമ്പൂതിരി ചിറകു നല്കിയപ്പോൾ മലയാളകവിതയിൽ പുതിയൊരു മരം കരുത്തോടെ തളിർക്കുകയായിരുന്നു. അവസാനം വരെ ആ ഏകതരുവിന്റെ ഉടമസ്ഥനും കാവലാളുമായി അദ്ദേഹം നില്ക്കുകയും ചെയ്തു.
കവിതയിൽ ഭാരതീയ പാരമ്പര്യത്തിന്റെ പൊട്ടാത്ത കണ്ണിയെന്ന് വിഷ്ണുനാരായണൻ നമ്പൂതിരിക്ക് വിശേഷണമെഴുതുമ്പോൾ പ്രയോഗത്തിലെ കേൾവിസുഖത്തിനു പുറത്ത് ഒരു വിസ്മയമുണ്ട്. പാരമ്പര്യത്തിന്റെ വേരുകളിൽ ഉറച്ചുനിന്ന് എങ്ങനെ പാശ്ചാത്യ ചിന്തയുടെ വിശാലാകാശത്തേക്ക് കവിതയുടെ വിരലുകൾ നീട്ടിയെഴുതും? അസ്തിത്വചിന്ത മുതൽ ധർമ്മബോധം വരെ രണ്ടിടത്തും വ്യത്യസ്തം. ആ രണ്ടു കാലത്തെ കൂട്ടിയിണക്കുന്നതെങ്ങനെ? അതൊരു സംഘർഷമാണ്. ആ സംഘർഷത്തിന്റെ സങ്കടക്കടലാണ് വിഷ്ണുനാരായണൻ നമ്പൂതിരിയുടെ കവിതകളിൽ തിരയിളക്കുന്നത്. ആ കടൽ കടഞ്ഞവനാണ് കവി.
കവിതകൾ, ലേഖനങ്ങൾ, നാടകം, സഞ്ചാരക്കുറിപ്പുകൾ, ബാലസാഹിത്യം... രചനയുടെ വഴിപ്പിരിവുകളിലെല്ലാം ഒരുപോലെ സഞ്ചരിച്ചു, അദ്ദേഹം. കേന്ദ്ര, കേരള സാഹിത്യ അക്കാഡമി അവാർഡുകളും എഴുത്തച്ഛൻ പുരസ്കാരവും ഉൾപ്പെടെ സമ്മാനങ്ങളൊരുപാട് തേടിയെത്തി. രാജ്യത്തിന്റെ ആദരമായി പദ്മശ്രീ കൈവന്നു. പുരസ്കാരങ്ങൾക്കു വിഭ്രമിപ്പിക്കാനാകാത്ത കവി എന്നും സ്വന്തം വഴിയിലൂടെ ഒരേസമയം രണ്ടു കാലത്തിലേക്ക് സൈക്കിളോടിച്ചു കൊണ്ടിരുന്നു. അലസസഞ്ചാരമല്ല, ആഞ്ഞുചവിട്ടിയുള്ള കടച്ചിൽ തന്നെ.
ഒരു വർഷത്തോളമായി മറവിരോഗം കാരണം ഓർമ്മകളുടെയും തിരിച്ചറിവുകളുടെയും സംഘർഷങ്ങളിൽ നിന്ന് വിടുതൽ നേടിയ ശൂന്യമനസുമായി ഗൃഹശയ്യയിലായിരുന്നു അദ്ദേഹം. എൺപതാണ്ടുകൾ തിമിർത്തുപെയ്തതിനു ശേഷമുള്ള തോർച്ചയുടെ ഋതു. ശൂന്യമെന്നു നമ്മൾ കരുതുമ്പോൾ ആ മനസ് ഒരു യാത്രയിലായിരുന്നിരിക്കണം. കണ്ടുമതിവരാത്ത ഹിമാലയത്തിലേക്കുള്ള അവസാനയാത്ര. പതിവു പോലെ യാത്ര കഴിഞ്ഞ് ഇക്കുറി ആ മനസ് തിരികെയെത്തിയില്ലെന്നു മാത്രം. ഗിരിശിഖരങ്ങളിലൊന്നിൽ നിന്ന് അത് ആകാശത്തിന്റെ സോപാനം കയറി ആത്മാന്വേഷണത്തിന്റെ പുതിയ ശ്രീകോവിൽ തുറന്നിരിക്കണം.
ഇങ്ങനെയൊരാൾ ഇല്ലാതാകുന്നത് കവിതയിൽ നിന്നു മാത്രമല്ല, കാലത്തിൽ നിന്നു കൂടിയാണ്. തിരിച്ചറിവുകളുടെ ആത്മസംഘർഷങ്ങളെ കവിതയുടെ കരുത്താക്കുകയും, വേദജ്ഞാനത്തെയും പ്രാർത്ഥനകളെയും ആത്മീയതയുടെ അതിരിനപ്പുറം പുതിയ അന്വേഷണങ്ങൾക്ക് ഊർജ്ജമാക്കുകയും, തിരിച്ചറിവുകളുടെ പാഥേയം പങ്കുവയ്‌ക്കുകയും ചെയ്ത ഒരാൾ. പവിത്രമായ ആ സൗമ്യസാന്നിദ്ധ്യം അസ്തമിക്കുമ്പോൾ, ശൂന്യമാകുന്ന കാവ്യസ്ഥലിയുടെ വലിപ്പം മലയാളം തിരിച്ചറിയുന്നുണ്ട്; ഞങ്ങളും. വിശുദ്ധമായ ആ കാവ്യജീവിതത്തിനു മുന്നിൽ കേരളകൗമുദിയുടെ ആദരനമസ്കാരം.