zomato

ന്യൂഡൽഹി:ഇന്ധനവില വർദ്ധനവ് തങ്ങളുടെ ജീവനക്കാർക്ക് വരുത്തിയ വരുമാനനഷ്‌ടം നികത്താൻഒരുങ്ങുകയാണ് ഓൺലൈൻ

ആഹാര വിതരണ കമ്പനിയായ സൊമാ‌റ്റൊ.ആഹാരം വിതരണം ചെയ്യേണ്ട ഡെലിവറി പാർട്‌നർമാരുടെ പ്രതിഫലം ഉയർത്തുമെന്ന് അറിയിച്ചിരിക്കുകയാണ് കമ്പനി. 7-8 ശതമാനത്തിന്റെ വർദ്ധനവാണ് ഉണ്ടാകുകയെന്ന് സൊമാ‌റ്റോ സ്ഥാപകനും സി.ഇ.ഒയുമായ ദീപീന്ദർ ഗോയൽ ഇക്കാര്യം ട്വി‌റ്ററിലൂടെ അറിയിച്ചു. ഇന്ധന വിലയിലുണ്ടായ വർദ്ധന തങ്ങളുടെ ഡെലിവറി പാർട്‌നർമാരുടെ വരുമാനത്തെ കാര്യമായി ബാധിച്ചെന്ന് മുൻപ് സൊമാ‌റ്റോ അറിയിച്ചിരുന്നു. എന്നാൽ ഈ വർദ്ധന ഉപഭോക്താക്കളുടെ മേൽ വരില്ലെന്നാണ് കമ്പനി അറിയിച്ചത്.

ഒരു സൊമാ‌റ്റോ ഡെലിവറി പാർട്‌ണർ ദിവസവുംനൂറ് മുതൽ 120 കിലോമീ‌റ്റർ വരെയാണ് സഞ്ചരിക്കുന്നത്. മാസം 60 മുതൽ 80 ലി‌റ്റർ വരെ ഇന്ധനം ചിലവാകും. ഇപ്പോഴത്തെ വില വർദ്ധനയിലൂടെ ഇവർക്ക് 600 മുതൽ 800 വരെ രൂപ അധികമായി ഇന്ധനത്തിനുവേണ്ടി ചിലവഴിക്കേണ്ടി വരുന്നു. ഇതിനെ മറികടക്കാനാണ് പ്രതിഫല വർദ്ധന വരുത്തിയത്. ഭക്ഷണവിതരണത്തിന് ദീർഘദൂരം സഞ്ചരിക്കുന്ന ഡെലിവറി പാർട്‌ണർക്ക് വിതരണം പൂർത്തിയായി 15 മിനുട്ടുകൾക്കകം പുതിയ ഓർഡർ ലഭിക്കും. നിലവിൽ നാൽപതോളം നഗരങ്ങളിലാണ് പുതിയ സംവിധാനമുള‌ളത്. വൈകാതെ മ‌റ്റിടങ്ങളിലും ഈ സംവിധാനം വ്യാപിപ്പിക്കുമെന്നും കമ്പനി സി‌ഒ‌ഒ മോഹിത് സർദാന അറിയിച്ചു. ഒന്നര ലക്ഷം ഡെലിവറി പാർ‌ട്ണർമാരാണ് നിലവിൽ സൊമാ‌റ്റോയ്‌ക്കുള‌ളത്.