
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് കൊവിഡ് മാനദണ്ഡങ്ങൾ ജില്ലാഭരണകൂടം കർശനമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ജില്ലാ ഭരണകൂടം ഏർപ്പെടുത്തുന്ന ക്രമീകരണങ്ങളോട് ഭക്തജനങ്ങൾ സഹകരിക്കണമെന്നും കളക്ടർ ഡോ.നവജ്യോത് ഖോസ അഭ്യർത്ഥിച്ചു. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിരത്തുവക്കിലും മറ്റു പൊതുസ്ഥലങ്ങളിലും പൊങ്കാലയിടുന്നത് പൂർണമായി നിരോധിച്ചു. ഇക്കാര്യം ക്ഷേത്ര ഭരണസമിതിയും ഉറപ്പാക്കണമെന്ന് കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
സാമൂഹിക അകലം പാലിക്കണം
വീടുകളിൽ പൊങ്കാലയിടുന്നവരും സാമൂഹിക അകലം പാലിക്കണം. വീടുകളിൽ പൊങ്കാലയിട്ട ശേഷം ആളുകൾ കൂട്ടമായി ക്ഷേത്ര ദർശനത്തിനെത്തരുത്. ക്ഷേത്രത്തിൽ ദിവസേനയുള്ള ദർശനത്തിനും മറ്റു ചടങ്ങുകൾക്കുമെത്തുന്ന ഭക്തജനങ്ങൾ കൂട്ടം കൂടാതെ ശ്രദ്ധിക്കണമെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ക്ഷേത്ര ഭരണസമിതിക്കാണ്. ക്ഷേത്ര പ്രവേശന കവാടങ്ങളിൽ ശരീര ഊഷ്മാവ് പരിശോധിക്കുന്നതും സാനിറ്റൈസർ നൽകുന്നതും ഉത്സവം അവസാനിക്കുന്ന ദിവസം വരെയും ഉണ്ടാകും.
ദർശനത്തിനെത്തുന്ന ഭക്തർ ക്ഷേത്ര പരിസരത്ത് കൂട്ടംകൂടാൻ പാടില്ല. 10 വയസിനു താഴെയുള്ള കുട്ടികളെ കൊണ്ടുവരുന്നത് കഴിയുന്നതും ഒഴിവാക്കണം. കൊവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനായി ക്ഷേത്രപരിസരത്ത് ആറു സെക്ടറൽ മജിസ്‌ട്രേറ്റുമാരെ സ്‌പെഷ്യൽ ഡ്യൂട്ടിയിൽ നിയോഗിച്ചിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
 സുരക്ഷയ്ക്ക് 1500 പൊലീസുകാർ
പൊങ്കാല ഉത്സവത്തിനായി 1500 പൊലീസ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഉത്സവം ആരംഭിച്ച 19 മുതലുള്ള ആദ്യഘട്ടത്തിൽ 500 പൊലീസുകാരെ വിന്യസിച്ചിരുന്നു. ഇന്നലെ അധികമായി 1000 പൊലീസുകാരെ കൂടി നിയോഗിച്ചു. നാല് അസിസ്റ്റന്റ് കമ്മിഷണർമാർ മേൽനോട്ടം വഹിക്കുന്ന സുരക്ഷാ സംവിധാനത്തിൽ 22 ഇൻസ്‌പെക്ടർമാരും ചുമതല വഹിക്കും. ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ ഡോ. വൈഭവ് സക്‌സേനയ്ക്കാണ് ഏകോപനച്ചുമതല. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിലക്ക് ലംഘനങ്ങൾ നടത്തിയാൽ പകർച്ചവ്യാധി നിയന്ത്രണ നിയമപ്രകാരം നിയമനടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു.
പ്രധാന നിർദ്ദേശങ്ങൾ
 കൃത്യമായ സാമൂഹികഅകലവും മറ്റ് കൊവിഡ് മാനദണ്ഡങ്ങളും പാലിച്ച് മാത്രമേ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കൂ
 വിളക്കുകെട്ടുകൾ വാഹനത്തിൽകൊണ്ട് വന്ന് ഇറക്കി ക്ഷേത്രത്തിൽ പ്രവേശിക്കാം. നഗരത്തിൽ അനുവദിക്കില്ല
 ജംഗ്ഷനുകൾ കേന്ദ്രീകരിച്ച് മൈക്ക് സെറ്റ് പ്രവർത്തിപ്പിക്കുന്നതിനോ പാതയോരങ്ങളിൽ ഭക്ഷണപാനീയ വിതരണം നടത്തുന്നതിനോ അനുവദിക്കില്ല
 ദർശനത്തിന് വരുന്നവരുടെ വാഹനങ്ങൾ പാടശേരി ഭാഗത്ത് ക്രമീകരിച്ചിട്ടുളള പാർക്കിംഗ് ഏരിയയിൽ മാത്രമേ പാർക്ക് ചെയ്യാവൂ