
സ്ത്രീ സൗന്ദര്യത്തിന് മാറ്റുകൂട്ടുന്നതിൽ മാറിടങ്ങൾക്കുളള പങ്ക് ചെറുതല്ല. ഇടിഞ്ഞുതൂങ്ങാത്ത ദൃഡതയേറിയ അല്പം വലിപ്പമുളള മാറിടങ്ങളാണ് മിക്കസ്ത്രീകൾക്കും ഇഷ്ടം. പക്ഷേ, പ്രസവവും പ്രായവുമൊക്കെ മാറിടങ്ങളുടെ സൗന്ദര്യത്തിന് ഇടിവുണ്ടാക്കും. ഈ പ്രശ്നത്തിന് ഒരു പരിഹാരമാണ് പാഡുവച്ച ബ്രാകളും ബ്ളൗസുകളും. പക്ഷേ, ഇവ തിരഞ്ഞെടുക്കുന്നതിൽ പിശകുപറ്റിയാൽ വിപരീതഫലമാകും ഉണ്ടാക്കുക. അതിനാൽ ഇക്കാര്യത്തിൽ വളരെ ശ്രദ്ധവേണമെന്ന് സാരം. അങ്ങനെയെങ്കിൽ നിങ്ങളുടെ സ്തനസൗന്ദര്യം ഒരുകാലത്തും കുലുക്കമില്ലാതെ നിലനിൽക്കും. അഞ്ച് കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്കും വളരെ എളുപ്പത്തിൽ ഇത് സാദ്ധ്യമാക്കാം.
1.ബ്ലൗസുകളിലും ബ്രാകളിലും പാഡുകൾ കൃത്യമായ സ്ഥലത്താണോ പിടിപ്പിച്ചിരിക്കുന്നത് എന്നതാണ് ഏറെ പ്രാധാന്യം. വശങ്ങളിലേക്കും മുകളിലേക്കും മാറിയിരിക്കുന്ന പാഡുകൾ അഭംഗിയാണെന്ന് മാത്രമല്ല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കും. അതിനാൽ വാങ്ങുന്നതിന് മുമ്പ് ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തുക. പാഡുകൾ കൃത്യമല്ലെങ്കിൽ ഒരുകാരണവശാലും അത് വാങ്ങരുത്.
2.ശരിയായ സൈസിലുളളത് തിരഞ്ഞെടുക്കുക എന്നതാണ് രണ്ടാമത്തേത്. ശരീരത്തിന്റെയും സ്തനങ്ങളുടെയും അളവ് നോക്കി അതിനനുസരിച്ചുള്ളവ മാത്രം തിരഞ്ഞെടുക്കുക. സ്തനവലിപ്പം കൂട്ടിക്കാണിക്കാനായി ഒരുപാട് വലിപ്പമുളളത് തിരഞ്ഞെടുക്കുക ഒരിക്കലുമരുത്. അതുപോലെ വലിപ്പം കുറഞ്ഞതും തിരഞ്ഞെടുക്കരുത്. വാങ്ങാൻ പോകുന്നതിനിമുമ്പ് ശരീരത്തിന്റെ അഴകളവുകൾ നന്നായി നിരീക്ഷിക്കുന്നതിലൂടെ ഈ പ്രശ്നത്തിന് പരിഹാരം കാണാനാവും.
3. മേൽത്തരം പാഡുകൾ പിടിപ്പിച്ച വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനും പ്രത്യേകം ശ്രദ്ധിക്കണം. ഒരിക്കലും കൂട്ടിച്ചേർത്ത ഭാഗമാണ് പാഡുകൾ എന്ന് തോന്നരുത്. ശരീരത്തിന്റെ ഒരു ഭാഗമാകണമെന്ന് തോന്നണം. അങ്ങനെയെങ്കിൽ മാത്രമേ ധരിക്കുന്നവർക്ക് ആത്മവിശ്വാസം കൂടൂ.
4. മേൽപ്പറഞ്ഞ മൂന്നുകാര്യങ്ങളും ഒ കെയാണെങ്കിൽ ഇനി ശ്രദ്ധിക്കേണ്ടത് ഷെയ്പ്പിന്റെ കാര്യത്തിലാണ്. സ്തനങ്ങളുടെ ശരിക്കുളള ആകൃതിയെ വികലപ്പെടുത്തുന്ന തരത്തിലുളളവ ഒരിക്കലും സെലക്ട് ചെയ്യാതിരിക്കുക.
5.ധരിക്കുമ്പോൾ ശരീരത്തോട് പറ്റിച്ചേർന്ന് കിടക്കുന്ന തരത്തിലുളള വസ്ത്രമാണ് തിരഞ്ഞെടുത്തത് എന്ന ഉറപ്പുവരുത്തണം . ഇല്ലെങ്കിൽ പുറമേയുളള ലുക്ക് അരോചകമാവുകയും കാര്യങ്ങളെല്ലാം കീഴ്മേൽ മറിയുകയും ചെയ്യും. സാരിക്ക് പുറമേയുളള ലുക്ക് പെർഫെക്ട് ആകണമെങ്കിൽ ഇത് കൂടിയേ തീരൂ.
ശരിയായ പാഡഡ് വസ്ത്രങ്ങൾ ഒറ്റയ്ക്ക് തിരഞ്ഞെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഇക്കാര്യത്തിൽ അനുഭവമുളളവ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സഹായം തേടുക. ഇതിനൊപ്പം സ്വന്തം ശരീരത്തെക്കുറിച്ചും അവയവ സൗന്ദര്യത്തെക്കുറിച്ചും നല്ല ബോദ്ധ്യവും വേണം.