
തിരുവനന്തപുരം: വിദേശത്തുനിന്ന് സംസ്ഥാനത്തെത്തുന്നവർക്ക് കൊവിഡ് പരിശോധന സംസ്ഥാന സർക്കാർ സൗജന്യമാക്കി. വിമാനത്താവളങ്ങളിൽ നടത്തുന്ന ആർ ടി പി സി ആർ പരിശോധനയാണ് സൗജന്യമാക്കിയത്. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. 'വിദേശത്തുനിന്ന് വരുന്നവർക്ക് പരിശോധന ഒഴിവാക്കാനാവില്ല. കൊവിഡിന്റെ രണ്ടാം തരംഗം ഉണ്ടാകാൻ സാഹചര്യമുള്ളതിനാൽ വിമാനത്താവളങ്ങളിൽ ശക്തമായ പരിശോധന നടത്തണം. വീട്ടിൽ ക്വാറന്റീൻ തുടരാം. പരിശോധനാ ഫലം എത്രയും വേഗം ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
കേന്ദ്രനിർദേശത്തിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ വിമാനത്താവളങ്ങളിൽ വിദേശത്തുനിന്നെത്തുന്നവർക്ക് ആർ ടി പി സി ആർ പരിശോധന തുടങ്ങിയിരുന്നു. വിദേശത്തെ പരിശോധനക്ക് ശേഷം വീണ്ടും പണം മുടക്കി പരിശോധനക്ക് വിധേയമാകുന്നതിനെതിരെ എതിർപ്പും ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ തീരുമാനം കൈക്കൊണ്ടത്. സംസ്ഥാനത്ത് കൊവിഡ് കൂടുന്നത് തടയാൻ ജനം വളരെയധികം ജാഗ്രത പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് മൊബൈൽ ആർ ടി പി സി ആർ പരിശോധനാ ലാബുകൾ നാളെ മുതൽ പ്രവർത്തനം തുടങ്ങുകയാണ്. പരിശോധനക്ക് 448 രൂപ മാത്രമാണ് ചാർജ്. 24 മണിക്കൂറിനകം പരിശോധന ഫലം നൽകാത്ത ലബോറട്ടികളുടെ ലൈസൻസ് റദ്ദാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.