
വാഷിംഗ്ടൺ: ലോകമെമ്പാടുമുള്ള ഹോളിവുഡ് പ്രേമികളുടെ പ്രിയ നായിക എമ്മ വാട്സൺ അഭിനയം നിറുത്തിയെന്ന് റിപ്പോർട്ട്. എമ്മയുടെ ഏജന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് വിവരം. ഇനി പുതിയ റോളുകളൊന്നും സ്വീകരിക്കുന്നില്ല എന്ന് എമ്മ പറഞ്ഞതായും വാർത്തകൾ പ്രചരിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് നാളുകളായി എമ്മ സമൂഹമാദ്ധ്യമങ്ങളിൽ സജീവമായിരുന്നില്ല. 2019ൽ ഇറങ്ങിയ ലിറ്റിൽ വിമനിന് ശേഷം പുതിയ പ്രോജക്ടുകൾ എമ്മ സ്വീകരിച്ചിട്ടുമില്ല. തന്റെ പ്രതിശ്രുത വരനായ ലിയോ റോബിൻടണുമായി സമയം ചെലവഴിക്കാനാണ് എമ്മ അഭിനയത്തോട് വിട പറയുന്നതെന്നാണ് റിപ്പോർട്ട്. 18 മാസമായി എമ്മ ലിയോയുമായി പ്രണയത്തിലാണ്. അതേസമയം, വിഷയം സമൂഹമാദ്ധ്യമങ്ങളിൽ ചൂട് പിടിച്ച ചർച്ചയായി മാറിയതോടെ എമ്മയുടെ മാനേജർ ജേസൻ വേയ്ൻബർഗ് വിശദീകരണവുമായി രംഗത്തെത്തി. സമൂഹമാദ്ധ്യമങ്ങളിൽ സജീവമല്ലാത്തതുകൊണ്ട് എമ്മ അഭിനയം നിറുത്തിയെന്ന് കരുതരുതെന്ന് അദ്ദേഹം പറഞ്ഞു. വിഷയത്തിൽ എമ്മ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആക്ടിവിസ്റ്റ് കൂടിയായ എമ്മ 2014ൽ യുഎൻ വിമൻ ഗുഡ്‌വിൽ അംബാസിഡർ ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
 ഹാരിപോട്ടറിന്റെ കൂട്ടുകാരി
2001ൽ ഇറങ്ങിയ ഹാരിപോട്ടർ ആൻഡ് ദ ഫിലോസഫേഴ്സ് സ്റ്റോൺ എന്ന സിനിമയിൽ അതിബുദ്ധിമതിയായ കൊച്ചു മന്ത്രവാദിനിയായ ഹെർമായിനി ഗ്രിഞ്ചർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് കൊണ്ടാണ് എമ്മ വാട്സൺ അഭിനയരംഗത്ത് എത്തുന്നത്. ഹാരിപോട്ടറിന്റെ ആത്മാർത്ഥ സുഹൃത്തായി എമ്മ ജീവിക്കുകയായിരുന്നു. ഹാരിപോട്ടർ സീരിസിലെ എട്ട് സിനിമകളിലും എമ്മ തന്റെ കഥാപാത്രം അവിസ്മരണീയമാക്കി. ഹാരിപോട്ടർ സിനിമകൾ ബോക്സോഫീസിൽ കോടികളാണ് വാരിക്കൂട്ടിയത്.പിന്നീട്, നോഹ, ബ്യൂട്ടി ആൻഡ് ദ ബീസ്റ്റ്, കൊളോനിയ തുടങ്ങി നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 11ാം വയസ് മുതൽ അഭിനയ രംഗത്ത് തിളങ്ങുന്ന എമ്മ, വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നൽകിയിരുന്നു. ബിരുദപഠനം മികച്ച മാർക്ക് നേടിയാണ് എമ്മ പൂർത്തിയാക്കിയത്.