
പട്യാല : ഇന്ത്യൻ ഗ്രാൻപ്രി അത്‍ലറ്റിക്സ് 2–ാം പാദത്തിൽ മലയാളിതാരങ്ങളായ എം.ശ്രീശങ്കറിനും അമോജ് ജേക്കബിനും സ്വർണം. ദേശീയതലത്തിൽ ഒന്നേകാൽ വർഷത്തെ ഇടവേളയ്ക്കുശേഷം ലോംഗ്ജമ്പ് പിറ്റിലേക്കെത്തിയ പാലക്കാട്ടുകാരൻ ശ്രീശങ്കർ 8.05 മീറ്റർ ചാടിയാണ് ഒന്നാമനായത്. ഉത്തർപ്രദേശിന്റെ യുഗൻ ശേഖർ സിംഗ് (7.85) രണ്ടാമതും 400 മീറ്ററിലെ ദേശീയ റെക്കോർഡുകാരൻ മുഹമ്മദ് അനസിന്റെ സഹോദരൻ മുഹമ്മദ് അനീസ് (7.76) മൂന്നാമതുമെത്തി.
ഡൽഹി മലയാളിയായ അമോജ് 46 സെക്കൻഡിലാണ് 400 മീറ്റർ ഫിനിഷ് ചെയ്ത് ഒന്നാമതെത്തിയത്.അമോജിന്റെ പേഴ്സണൽ ബെസ്റ്റ് ടൈമാണിത്. 200 മീറ്ററിൽ അനസിനെ (21.44 സെക്കൻഡ്) മറികടന്ന് ആരോക്യരാജീവ് (21.24) ഒന്നാമതെത്തി. വനിതാ 100 മീറ്ററിൽ ദ്യുതി ചന്ദും (11.44 സെക്കൻഡ്) 200 മീറ്ററിൽ ഹിമ ദാസും (23.31 സെക്കൻഡ്) ഒന്നാമതായി.