
മുംബയ്: 'ഇത് വെറുമൊരു ട്രെയിലർ മാത്രമാണ്. ഇത്തവണ സ്ഫോടക വസ്തുക്കൾ കൂട്ടിയോജിപ്പിച്ചിട്ടില്ല, പക്ഷേ അടുത്ത തവണ ഉറപ്പായും ചെയ്തിരിക്കും.' - റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മുംബയിലെ ആഡംബര വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കളുമായി ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ വാഹനത്തിൽ നിന്നു ലഭിച്ച കത്തിലെ വരികളാണിത്. മുകേഷ് അംബാനിയെയും ഭാര്യ നിതയെയും അഭിസംബോധന ചെയ്ത കത്ത്, കാറിന്റെ ഡ്രൈവർ സീറ്റിനരികെ മുംബയ് ഇന്ത്യൻസ് എന്നെഴുതിയ ബാഗിൽ നിന്നാണ് പൊലീസ് കണ്ടെടുത്തത്.
ഹിന്ദിയും ഇംഗ്ളീഷും ഇടകലർന്ന കത്തിൽ നിറയെ അക്ഷരത്തെറ്റുകളാണെന്നും പൊലീസ് പറയുന്നു.
ഉന്നത വിദ്യാഭ്യാസമില്ലാത്ത ആളാകാം ഇതിന് പിന്നിലെന്നും അതല്ലെങ്കിൽ മനഃപൂർവം പൊലീസിനെ കബളിപ്പിക്കാൻ വച്ച കുറിപ്പാകും ഇതെന്നും സംശയിക്കുന്നു. വാഹനത്തിൽ നിന്ന് അഞ്ച് വ്യാജ നമ്പർപ്ളേറ്റുകളും കണ്ടെത്തിയിരുന്നു. ഇതിലൊരെണ്ണം അംബാനിയുടെ സുരക്ഷാ സംഘത്തിന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന സ്കോർപിയോയുടെ നമ്പറിന് സമമാണ്. രണ്ടുമണിക്കൂറോളം അക്രമി കാറിനുള്ളിൽതന്നെ ഇരുന്നു. മാസ്കും ഹൂഡി (തലമറയുന്ന വസ്ത്രം) ബനിയനും ധരിച്ചയാളാണ് കാർ പാർക്ക് ചെയ്തതെന്ന് സി.സി ടി.വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതപ്പെടുത്തി.
സംഭവത്തിൽ അഞ്ചു പേരെ ചോദ്യം ചെയ്തു. കാറിൽ നിന്നും കണ്ടെത്തിയ 20 ജലാറ്റിൻ സ്റ്റിക്കുകൾ വാങ്ങിയത് നാഗ്പൂരിൽ നിന്നാണെന്നും പൊലീസ് കണ്ടെത്തി. വാങ്ങിയ ആളെ വ്യക്തമായിട്ടില്ല.
സ്ഫോടക വസ്തുക്കൾ കണ്ടെടുത്ത സ്കോർപിയോ മുംബയ് വിക്രോളിയിൽ നിന്നും മോഷ്ടിച്ചതാണ്. വാഹനം മോഷണം പോയെന്ന് കാട്ടി ഉടമ പൊലീസിൽ പരാതി നല്കിയിരുന്നു. കാർ അംബാനിയുടെ വീടിന്റെ തൊട്ടടുത്ത് പാർക്ക് ചെയ്യാനാണ് അക്രമി ഉദ്ദേശിച്ചിരുന്നത്. എന്നാൽ ശക്തമായ സുരക്ഷ കാരണം അല്പം അകലെ പാർക്ക് ചെയ്യേണ്ടി വന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് അംബാനിയുടെ ആന്റിലിയ എന്ന വീട്ടിൽനിന്ന് ഏതാനും മീറ്ററുകൾ അകലെ ഒരു കെട്ടിടത്തിന് വെളിയിലാണ് സ്‌ഫോടകവസ്തുക്കൾ നിറച്ച് വാഹനം പാർക്ക് ചെയ്ത നിലയിൽ കണ്ടെത്തിയത്. മണിക്കൂറുകൾക്കുശേഷവും വാഹനം മാറ്റാത്തതിനെത്തുടർന്ന് അംബാനിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് കമാൻഡോകളും ഡോഗ് സ്‌ക്വാഡും രംഗത്തെത്തി.
2012 മുതൽ നാലു ലക്ഷം ചതുരശ്ര അടി വിസ്തീർണമുള്ള ആന്റിലിയ 27 നില കെട്ടിടത്തിലാണ് അംബാനിയും കുടുംബവും കഴിയുന്നത്.