
ന്യൂഡൽഹി: ഇന്ധനം തീർന്ന് വഴിയറിയാതെ നട്ടം തിരിയുകയായിരുന്ന ബോട്ടിലെ റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് തുണയായി ഇന്ത്യൻ തീരസംരക്ഷണ സേന. ബംഗ്ളാദേശിലെ കോക്‌സ് ബസാർ തുറമുഖത്ത് നിന്നും ഫെബ്രുവരി 11ന് യാത്രപുറപ്പെട്ട ബോട്ടാണ് ഇന്ത്യൻ തീരപ്രദേശത്തിനടുത്ത് ആന്റമാൻ കടലിൽ സഞ്ചരിച്ചിരുന്നത്. ബോട്ടിൽ ആകെ 89 പേരാണുണ്ടായിരുന്നത്. ഇതിൽ ബോട്ട് കണ്ടെത്തുമ്പോഴേ എട്ടു പേർ മരണമടഞ്ഞിരുന്നു. യാത്രക്കിടെ ഒരാളെ കാണാതായതായി മറ്റ് യാത്രികർ അറിയിച്ചു.
ഐക്യരാഷ്‌ട്ര സഭയുടെ അഭയാർത്ഥികൾക്കായുളള സംഘടന ഈ ബോട്ട് കാണാതായതായി ഇന്ത്യയെ അറിയിച്ചിരുന്നു. ബോട്ട് കണ്ടെത്തിയപ്പോൾ യാത്രക്കാരായവരിൽ പലരും വലിയ അവശരായിരുന്നു. ഇവരിൽ 23 പേർ കുട്ടികളാണ്. സമയത്ത് ഭക്ഷണമോ വെളളമോ കിട്ടാതെ പലരും രോഗബാധിതരായിരുന്നു.
ഇവരെ കണ്ടെത്തി വേണ്ട ചികിത്സയും ഭക്ഷണവും നൽകിയെങ്കിലും ഈ അഭയാർത്ഥികളെ സംരക്ഷിക്കാൻ അനുവദിക്കുന്ന നിയമം രാജ്യത്ത് ഇല്ലാത്തതിനാൽ ഇവരെ ബംഗ്ളാദേശിലേക്ക് മടക്കിയയക്കാനാണ് ഇന്ത്യയുടെ തീരുമാനം. ഇതിനായുളള ആശയവിനിമയം ആരംഭിച്ചു കഴിഞ്ഞു. തീരസംരക്ഷണ സേനയുടെ രണ്ട് കപ്പലുകൾ റോഹിങ്ക്യൻ അഭയാർത്ഥികളുടെ സംരക്ഷണത്തിന് വിട്ടുനൽകി. നിലവിൽ വിവിധ രാജ്യങ്ങളിൽ നിന്നായി രണ്ട് ലക്ഷത്തോളം അഭയാർത്ഥികൾ ഇന്ത്യയിലുണ്ട്. ഇതിൽ മുൻപ് ഇന്ത്യയിലേക്ക് ഓടിയെത്തിയ റോഹിങ്ക്യകളുമുണ്ട്.
മുൻപ് 2017ൽ റോഹിങ്ക്യൻ കലാപമുണ്ടായപ്പോൾ രാജ്യം വിട്ട റോഹിങ്ക്യൻ മുസ്ളീങ്ങളെ മിക്ക രാജ്യങ്ങളും സ്വീകരിക്കാൻ തയ്യാറായില്ല. എന്നാൽ ബംഗ്ളാദേശ് അവരെ സ്വീകരിച്ചു. നിലവിൽ കണ്ടെത്തിയ ബോട്ട് ബംഗ്ളാദേശ് അതിർത്തിയിൽ നിന്നും 1700 കിലോമീറ്റർ അകലെയും ഇന്ത്യയിൽ നിന്നും 147 കിലോമീറ്റർ അകലെ നിന്നുമാണ് കണ്ടെത്തിയത്.