
റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും ഫോണിൽ സംസാരിച്ചു. അധികാരമേറ്റെടുത്ത് അഞ്ചാഴ്ചയ്ക്ക് ശേഷമാണ് ബൈഡൻ സൗദി ഭരണാധികാരിയുമായി ആദ്യമായി ആശയവിനിമയം നടത്തിയത്. പ്രസിഡന്റായി അധികാരമേറ്റ ബൈഡനെ സൽമാൻ രാജാവ് തന്റെ അഭിനന്ദിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ഊഷ്മള ബന്ധത്തെക്കുറിച്ച് ഊന്നിപ്പറഞ്ഞ സൽമാൻ രാജാവ്, രാജ്യ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടുകയും മേഖലയിലെ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും ചെയ്യുന്ന രീതിയിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബൈഡനുമായി ചർച്ച നടത്തിയതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സൗദിയെ അരക്ഷിതാവസ്ഥയിലാക്കുന്ന ഇറാന്റെ പെരുമാറ്റം, ഭീകരർക്ക് ഇറാൻ നൽകുന്ന പിന്തുണ എന്നീ വിഷയങ്ങളെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ആണവായുധം സ്വായത്തമാക്കാൻ ഇറാനെ അമേരിക്ക അനുവദിക്കില്ലെന്ന് ബൈഡൻ സൽമാൻ രാജാവിന് ഉറപ്പു നൽകിയെന്നും ബാഹ്യ ആക്രമണങ്ങളെ ചെറുത്തുനിൽക്കാൻ സൗദിയ്ക്ക് സഹായം വാഗ്ദാനം ചെയ്തെന്നും റിപ്പോർട്ടുണ്ട്.
യമൻ പ്രതിസന്ധിക്ക് രാഷ്ട്രീയ പരിഹാരം കാണാനും വെടിനിറുത്തൽ നടപ്പിലാക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങൾക്ക് സൗദി നൽകുന്ന പിന്തുണയ്ക്കും ബൈഡൻ നന്ദിയറിയിച്ചു.
അതേസമയം, മനുഷ്യാവകാശങ്ങൾക്കും നിയമവാഴ്ചയ്ക്കും അമേരിക്ക വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന കാര്യം ബൈഡൻ സംഭാഷണത്തിനിടെ ബൈഡൻ എടുത്തു പറഞ്ഞിട്ടുണ്ടെന്നാണ് വിവരം.
ജമാൽ ഖഷോഗി വധവുമായി ബന്ധപ്പെട്ട അമേരിക്കയുടെ ഇന്റലിജൻസ് റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് ബൈഡനും സൽമാൻ രാജാവും തമ്മിൽ സംഭാഷണം നടത്തിയെന്നത് ശ്രദ്ധേയമാണ്. സൽമാൻ രാജാവിന്റെ പുത്രനും അടുത്ത കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാന് ഖഷോഗി വധത്തിലുള്ള പങ്കിനെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ടെന്നാണ് വിവരം.
കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായല്ല, രാഷ്ട്രത്തലവനെന്ന നിലയിൽ സൽമാൻ രാജാവുമായി മാത്രമെ ബൈഡൻ ആശയവിനിമയം നടത്തൂ എന്ന് വൈറ്റ് ഹൗസ് അറിയിച്ചിരുന്നു.