lottery

അമൃത്സർ: പതിവുപോലെ ലോട്ടറി ടിക്കറ്റ് എടുക്കുമ്പോൾ അമൃത്സറിലെ വീട്ടമ്മയായ രേണു ചൗഹാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല, ഒന്നാം സമ്മാനം തനിക്കു തന്നെ നേടാൻ കഴിയുമെന്ന്. 100 രൂപയുടെ ടിക്കറ്റ് എടുത്ത രേണുവിന് ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ ലഭിച്ചത് ഒരു കോടി രൂപയാണ്. സംസ്ഥാന സർക്കാരിന്റെ പ്രസ്താവന പ്രകാരം, ഭാഗ്യജേതാവ് രേണു ചൗഹാൻ വ്യാഴാഴ്ച ടിക്കറ്റും ആവശ്യമായ രേഖകളും സംസ്ഥാന ലോട്ടറി വകുപ്പിന് കൈമാറി. രേണുവിന്റെ ഭർത്താവിന് അമൃത്സറിൽ ഒരു തുണിക്കടയാണ്. തന്റെ കുടുംബത്തിന് വലിയ ആശ്വാസമാണ് ഈ സമ്മാനമെന്ന് അവർ പറഞ്ഞു. ഇതിലൂടെ ലഭിക്കുന്ന പണം കൊണ്ട് വ്യാപാരം മെച്ചപ്പെടുത്താനും ആലോചനയുണ്ടെന്ന് രേണു കൂട്ടിച്ചേർത്തു. പഞ്ചാബ് സ്റ്റേറ്റ് ഡിയർ 100 + എന്ന പ്രതിമാസ ലോട്ടറിയുടെ നറുക്കെടുപ്പ് ഫെബ്രുവരി 11നാണ് നടന്നത്. D-12228 എന്ന ടിക്കറ്റാണ് രേണുവിനെ വിജയിയാക്കിയത്. രേഖകൾ പരിശോധിച്ച ശേഷം സമ്മാന തുക ഉടൻ തന്നെ വിജയിയുടെ അക്കൗണ്ടിലേക്ക് കൈമാറുമെന്ന് പഞ്ചാബ് സ്റ്റേറ്റ് ലോട്ടറീസ് വകുപ്പ് അറിയിച്ചു.