
ബെംഗളുരു : ഒന്നരപ്പതിറ്റാണ്ടുനീണ്ട കരിയറിന് ശേഷം ഫാസ്റ്റ് ബൗളർ വിനയ് കുമാർ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. ദാവൺഗരെ എക്‌സ്പ്രസ് എന്ന പേരിൽ അറിയപ്പെടുന്ന 37കാരനായ വിനയ് മൂന്നു ഫോർമാറ്റുകളിലും ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്.
2004-05 സീസണിൽ കർണാടകയ്ക്ക് വേണ്ടി രഞ്ജി ട്രോഫി അരങ്ങേറ്റം കുറിച്ചു. 2009-10 സീസണിൽ 46 വിക്കറ്റുകൾ വീഴ്ത്തി കർണാടകയെ ഫൈനൽ വരെയെത്തിച്ചു. 2010ൽ ഇന്ത്യൻ ഏകദിനടീമിൽ അരങ്ങേറ്റം കുറിച്ചു. 31 ഏകദിനങ്ങളിൽ നിന്ന് 38 വിക്കറ്റുകളും 9 ട്വന്റി -20 മത്സരങ്ങളിൽ നിന്ന് പത്ത് വിക്കറ്റുകളും നേടിയിട്ടുണ്ട്. ഒരു ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് അവസരം ലഭിച്ചത്. 2012ൽ സ്‌ട്രേലിയയ്‌ക്കെതിരേ പെർത്തിലാണ് ടെസ്റ്റ് കളിച്ചത്. അന്ന് ഒരു വിക്കറ്റാണ് നേടിയത്.
ഐ.പി.എല്ലിൽ ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ്,കൊച്ചി ടസ്കേഴ്സ്,കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്,മുംബയ് ഇന്ത്യൻസ് തുടങ്ങിയ ടീമുകൾക്ക് വേണ്ടി കളിച്ചിട്ടുണ്ട്. 139 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുള്ള വിനയ് 504 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.