kerala-cricket

ബെംഗളൂരു: മലയാളി താരം ദേവ്ദത്ത് പടിക്കലിന്റെ അപരാജിത സെഞ്ച്വറിയുടെ (126*) മികവിൽ വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തെ ഒമ്പത് വിക്കറ്റിന് തോൽപ്പിച്ച് കർണാടക. ടൂർണമെന്റിൽ തുടർച്ചയായി മൂന്നു മത്സരങ്ങൾ വിജയിച്ച കേരളത്തിന്റെ ആദ്യ തോൽവിയാണിത്.

ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 50 ഓവറിൽ എട്ടുവിക്കറ്റ് നഷ്ടത്തിൽ 277 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക 45.3 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വിജയത്തിലെത്തി. ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ കർണാടക ഒന്നാമതെത്തി. കേരളം രണ്ടാമതായി.

ആദ്യം ബാറ്റ് ചെയ്ത കേരളത്തിനായി വത്സൽ ഗോവിന്ദ് 95 റൺസെടുത്തു. 124 പന്തുകളിൽ നിന്ന് ഏഴു ബൗണ്ടറികളുടെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയാണ് വത്സൽ 95 റൺസെടുത്തത്. 54 റൺസെടുത്ത നായകൻ സച്ചിൻ ബേബിയും 59 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും മികച്ച പ്രകടനം കാഴ്ചവെച്ചു. കർണാടകയ്ക്ക് വേണ്ടി അഭിമന്യു മിഥുൻ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി.

മറുപടിക്കിറങ്ങിയ കർണാടകയ്ക്കായി ദേവ്ദത്ത് 138 പന്തുകളിൽ നിന്നും 13 ബൗണ്ടറികളുടെയും രണ്ട് സിക്‌സുകളുടെയും അകമ്പടിയോടെയാണ് പുറത്താവാതെ 126 റൺസടിച്ചത്. 86 റൺസെടുത്ത് പുറത്താവാതെ നിന്ന കെ സിദ്ധാർത്ഥും മികച്ച പ്രകടനം കാഴ്ചവെച്ചു. 62 റൺസെടുത്ത നായകൻ രവികുമാർ സമർത്ഥിന്റെ വിക്കറ്റാണ് കർണാടകയ്ക്ക് നഷ്ടമായത്. ഈ വിക്കറ്റ് ജലജ് സക്‌സേനയാണ് നേടിയത്.

ടൂർണമെന്റിൽ ദേവ്ദത്തിന്റെ രണ്ടാം സെഞ്ച്വറിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം ഒഡിഷയ്ക്കെതിരെ 152 റൺസടിച്ചിരുന്നു. ബിഹാറിനെതിരെ 97 റൺസും ഉത്തർപ്രദേശിനെതിരെ 52 റൺസും നേടി.