
രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായ ഇന്ത്യൻ ക്രിക്കറ്റർ യൂസഫ് പഠാൻ വിരമിച്ചു
ബറോഡ : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ രണ്ട് ലോകകപ്പ് നേട്ടങ്ങളിൽ പങ്കാളിയായിരുന്ന ആൾറൗണ്ടർ യൂസഫ് പഠാൻ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.38കാരനായ യൂസഫ് 2007ലെ ട്വന്റി-20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും നേടിയ ഇന്ത്യൻ ടീമുകളിൽ അംഗമായിരുന്നു. മുൻ ഇന്ത്യൻ ആൾറൗണ്ടർ ഇർഫാൻ പഠാന്റെ ജേഷ്ഠൻ കൂടിയാണ് യൂസഫ്.ഇർഫാൻ കഴിഞ്ഞ വർഷം വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.
വമ്പൻ ഷോട്ടുകൾക്ക് പേരുകേട്ട ഓഫ് സ്പിന്നർ കൂടിയായ യൂസഫ് 2007 ട്വന്റി-20 ലോകകപ്പിന്റെ ഫൈനലിൽ പാകിസ്ഥാനെതിരെയാണ് ആദ്യമായി ഇന്ത്യൻ കുപ്പായമണിഞ്ഞത്.അടുത്ത വർഷം പാകിസ്ഥാനെതിരെതന്നെ ഏകദിന അരങ്ങേറ്റവും കുറിച്ചു. 2001മുതൽ ബറോഡ രഞ്ജി ട്രോഫി ടീമിൽ അംഗമായിരുന്നു. ഇന്ത്യയ്ക്കായി 57ഏകദിനങ്ങളിൽ രണ്ട് സെഞ്ച്വറികളും മൂന്ന് അർദ്ധസെഞ്ച്വറികളുമടക്കം 810 റൺസ് നേടിയിട്ടുണ്ട് 33 വിക്കറ്റുകളും നേടി.22 അന്താരാഷ്ട്ര ട്വന്റി-20കളിൽനിന്ന് 236 റൺസും 13 വിക്കറ്റുകളും സ്വന്തമാക്കി. 2012ലാണ് അവസാനമായി ഇന്ത്യൻ കുപ്പായത്തിൽ കളിച്ചത്.
യൂസഫിനെ പ്രശസ്തനാക്കിയത് ഐ.പി.എല്ലിലെ പ്രകടനമാണ്. ആദ്യ ഐ.പി.എൽ കിരീടം നേടിയ രാജസ്ഥാൻ റോയൽസിനൊപ്പമായിരുന്നു അരങ്ങേറ്റം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം രണ്ട് കിരീടനേട്ടങ്ങളിൽ പങ്കാളിയായി. സൺറൈസേഴ്സ് ഹൈദരാബാദിനായി 2019 സീസൺ വരെ കളിച്ചു.174 ഐ.പി.എൽ മത്സരങ്ങളിൽ നിന്ന് ഒരു സെഞ്ച്വറിയും 13 അർദ്ധസെഞ്ച്വറികളുമടക്കം 3204 റൺസും 42 വിക്കറ്റുകളുമാണ് നേടിയിരിക്കുന്നത്.
100 ഫസ്റ്റ് ക്ളാസ് മത്സരങ്ങളുടെ പരിചയസമ്പത്തിന് ഉടമയാണ്.ആഭ്യന്തര ക്രിക്കറ്റിൽ199 ലിസ്റ്റ് എ മത്സരങ്ങളും 274 ട്വന്റി-20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.പ്രൊഫഷണൽ ക്രിക്കറ്റിൽ 300ലേറെ സിക്സുകൾക്ക് ഉടമയാണ്.
ഇന്ത്യയ്ക്ക് വേണ്ടി രണ്ട് ലോകകപ്പുകൾ നേടാനായതും സച്ചിൻ ടെൻഡുക്കറെ ലോകകപ്പ് നേട്ടത്തിന് ശേഷം തോളിലേറ്റാനായതുമാണ് എന്റെ കരിയറിലെ മറക്കാനാവാത്ത മുഹൂർത്തങ്ങൾ.ഞാൻ നേടിയ ഒാരോ റണ്ണും ഓരോ വിക്കറ്റും ഓരോ വിജയവും എന്റെ രാജ്യത്തിന് സമർപ്പിക്കുന്നു.
---യൂസഫ് പഠാൻ