golden-biriyani

അബുദാബി: ബിരിയാണിയെന്ന് കേൾക്കുമ്പോൾ തന്നെ പലരുടേയും വായിൽ വെള്ളമൂറും. എന്നാൽ, ദുബായിലെ ബോംബെ ബോറോ ഹോട്ടലിലെ റോയൽ ഗോൾഡ് ബിരിയാണിയെക്കുറിച്ച് കേട്ടവരെല്ലാം കണ്ണുതള്ളിയിരിക്കുകയാണ്. 23 കാരറ്റ് സ്വർണം ചേർന്ന ബിരിയാണിയാണിത്. വില 1000 ദിർഹം. അതായത്, ഏകദേശം 20000 ഇന്ത്യൻ രൂപ.

ബിരിയാണി റൈസ്, കീമ റൈസ്, വൈറ്റ് സാഫ്രൺ റൈസ് എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള അരികളാണ് ബിരിയാണി തയാറാക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ബിരിയാണിയോടൊപ്പം പലതരത്തിലുള്ള സാലഡുകളും സൈഡ് ഡിഷുകളുമുണ്ട്. ഇത് കൂടാതെ, കാശ്മീരി ലാംബ് ഷീക് കബാബ്, ഓൾഡ് ഡൽഹി ലാംബ് ചോപ്സ്, രജ്പുത് ചിക്കൻ കബാബ്, മുഗൾ കോഫ്ത, മലായ് ചിക്കൻ റോസ്റ്റ് തുടങ്ങിയവയ്ക്കൊപ്പം പലതരം സോസുകളും കറികളും റെയ്തയുമൊക്കെയുണ്ട്. ഇതിൽ പലതും ഇന്ത്യന വിഭവങ്ങളാണെന്ന പ്രത്യേകതയുമുണ്ട്. ബിരിയാണിയിലെ മറ്റ് ചേരുവകളെക്കുറിച്ച് വെളിപ്പെടുത്താൻ ഹോട്ടലുടമകൾ തയ്യാറല്ല. സ്വർണത്തളികയിൽ വിളമ്പുന്ന ബിരിയാണി ഭക്ഷ്യയോഗ്യമായ ഒരു സ്വർണയില കൊണ്ട് അലങ്കരിച്ചാണ് തീൻമേശയിലെത്തുന്നത്. ബിരിയാണിയോടൊപ്പമുള്ള പല വിഭവങ്ങളും സ്വർണത്തിൽ പൊതിഞ്ഞിട്ടുണ്ട്.