
തിരുവനന്തപുരം: സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ ഇന്ന് വൈകിട്ട് പ്രഖ്യാപിച്ചിരുന്നു.. ഏപ്രിൽ ആറിനാണ് കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.. ഏപ്രിൽ ആറിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്.. കേരളത്തിൽ ബി..ജെ..പിക്ക് നിർണായകമായ തിരഞ്ഞെടുപ്പ് നടക്കുന്നത് പാർട്ടിയുടെ 41-ാംജന്മദിനത്തിലാണെന്നതാണ് കൗതുകമുണർത്തുന്നത്.. ജന്മദിന സമ്മാനമായി കേരളത്തിലെ ജനങ്ങൾ വോട്ടുകൾ നൽകുമോ എന്നതാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.. പ്രത്യേകിച്ചും 40 സീറ്റുകൾ ലഭിച്ചാൽ ബി..ജെ..പി കേരളം ഭരിക്കുമെന്ന് പാർട്ടി സംസ്ഥാന അദ്ധ്യക്ഷൻ കെ..സുരേന്ദ്രൻ അവകാശപ്പെടുമ്പോൾ..1951 ഒക്ടോബർ 21ന് രൂപീകൃതമായ ഭാരതീയ ജനസംഘം അടിയന്തരാവസ്ഥയ്ക്ക് ശേഷം 1980 ഏപ്രിൽ ആറിന് ഭാരതീയ ജനതാപാർട്ടിയായി മാറുകയായിരുന്നു. അടൽബിഹാരി വാജ്പേയിയും എൽ.കെ.അദ്വാനി, ഭൈറോൺ സിംഗ് ഷെഖാവത്ത് എന്നിവർ ചേർന്നാണ് പാർട്ടി രൂപീകരിച്ചത്..
തുടർഭരണം ലക്ഷ്യമിടുന്ന എൽ.ഡി.എഫിനും ഏപ്രിൽ ആറ് നിർണായകമാണ്.. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ ആറിന് ആണ് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിയായ ലാവ്ലിൻ കേസ് സുപ്രീംകോടതി പരിഗണിക്കുന്നത്. കേസ് ചൊവ്വാഴ്ച സുപ്രീം കോടതി പരിഗണിച്ചപ്പോൾ സി.ബി.ഐ ആവശ്യപ്പെട്ടതനുസരിച്ചാണ് കേസ് ഏപ്രിൽ ആറിലേക്ക് മാറ്റിവച്ചത്. 27ാം തവണയാണ് ഹർജി പരിഗണിക്കുന്നത് നീട്ടിവയ്ക്കുന്നത്.
മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ഊർജ്ജ സെക്രട്ടറി കെ മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ വിചാരണകോടതി വിധി ഹൈക്കോടതി ശരിവച്ചതിനെതിരെ സി.ബി.ഐയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ രണ്ട് തവണ കേസ് പരിഗണിച്ചപ്പോഴും കേസിന് വേണ്ട രേഖകൾ ശേഖരിച്ച് കൊണ്ടിരിക്കുകയാണെന്നും കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്നുമായിരുന്നു സി.ബി.ഐയുടെ ആവശ്യം. ഹൈക്കോടതി ഉൾപ്പെടെ രണ്ട് കോടതികൾ തള്ളിയ കേസ് ആയതിനാൽ ശക്തമായ തെളിവുകൾ ഉണ്ടെങ്കിലേ കേസിൽ തുടർവാദം സാദ്ധ്യമാകൂ എന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ ഏപ്രിൽ ആറിന് ഒറ്റഘട്ടമായാണ് വോട്ടെടുപ്പെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മേയ് രണ്ടിനാണ് വോട്ടെണ്ണൽ. കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ ഒഴിവുവന്ന മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതിനൊപ്പം നടക്കും.