
കാൻബറ: ആസ്ട്രേലിയയിലെ വനപ്രദേശത്ത് അലഞ്ഞു നടന്ന ബാരാക് എന്ന ചെമ്മരിയാടിന്റെ ശരീരത്തിൽ ഉണ്ടായിരുന്നത് 35 കിലോയോളം കമ്പിളി രോമം. വിക്ടോറിയയിൽ നിന്ന് കണ്ടെത്തിയ ബാരാകിനെ അധികൃതർ എഡ്ഗാർഗ്‌സ് മിഷൻ ഫാം എന്ന വന്യജീവി സംരക്ഷണകേന്ദ്രത്തിലെത്തിച്ച് പുനഃരധിവസിപ്പിച്ചിരിക്കുകയാണ്. ഫാമിലെത്തിച്ച ശേഷം ബാരാകിന്റെ ശരീരത്തിൽ നിന്ന് രോമം നീക്കം ചെയ്തു.
അഞ്ച് കൊല്ലത്തെ കാലയളവിനിടയിൽ വളർന്നതാവണം ഇത്രയധികം രോമമെന്നാണ് ഫാമിന്റെ ഉടമസ്ഥനായ പാം അഹേൺ പറയുന്നത്. ഇത്രയധികം രോമവുമായി ആസ്‌ട്രേലിയയിലെ വേനൽക്കാലങ്ങളെ ബാരാക്ക് അതിജീവിച്ചതിനെ എങ്ങനെയാണെന്ന് മനസിലാകുന്നില്ലെന്ന് അധികൃതർ പറയുന്നു.
കൃത്യമായ ഇടവേളകളിൽ രോമം നീക്കം ചെയ്തില്ലെങ്കിൽ ചെമ്മരിയാടുകൾക്ക് ശാരീരികാസ്വസ്ഥതകൾ അനുഭവപ്പെടും. സാധാരണയായി വർഷത്തിൽ ഒരു തവണയാണ് ചെമ്മരിയാടുകളുടെ രോമം നീക്കുന്നത്. രോമക്കൂടിൽ നിന്ന് വിടുതൽ ലഭിച്ച ബാരാക്ക് ഫാമിലെ മറ്റ് ചെമ്മരായാടുകളോടൊപ്പം അടിച്ചുപൊളിക്കുകയാണ്.