
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി,. ഗുരുതര ക്രിമിനൽ സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.. കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച് സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടർമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവിൽ പറയുന്നു.
ശബരിമലയുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിലായി 2300 ലധികം കേസുകളുണ്ട്. ഇതിൽ കണ്ണൂർ ജില്ലയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. പൗരത്വ നിയമ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് 490 കേസുകളാണ് ഉള്ളത്. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം കേസുകൾ. പൊതുമുതൽ നശിപ്പിക്കൽ, സ്ത്രീകൾക്കെതിരായ ആക്രമണം, മതസ്പർദ്ധ വളർത്താനുള്ള നീക്കം എന്നീ വകുപ്പുകൾ ചുമത്തിയ കേസുകൾ നിയമോപദേശത്തിന് ശേഷമായിരിക്കും പിൻവലിക്കുക.
തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് മന്ത്രിസഭാ യോഗത്തിൽ നിർണായക തീരുമാനം പിണറായി സർക്കാർ സ്വീകരിച്ചത്. നേരത്തെ എൻ..എസ്..എസ് അടക്കം ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് എടുത്ത കേസുകൾ പിൻവലിക്കണമെന്ന്ആവശ്യപ്പെട്ടിരുന്നു. അധികാരത്തിൽ വന്നാൽ കേസ് പിൻവലിക്കുമെന്ന് യു.ഡി.ഫും നേരത്തെ പ്രഖ്യാപിച്ചിരുന്നു.