
മാഹി: വി ഇ നാരായണസ്വാമി സർക്കാരിനെ അട്ടിമറിച്ചുകൊണ്ടുള്ള ബിജെപിയുടെ 'ഓപ്പറേഷൻ പുതുച്ചേരി'യുടെ ഭാഗമായി തന്നെയും അവർ പ്രലോഭിപ്പിക്കാൻ ശ്രമിച്ചിരുന്നതായി മാഹി ഡോ. വി രാമചന്ദ്രൻ. മറുകണ്ടം ചാടിയാൽ തനിക്ക് വ്യക്തിപരമായി നേട്ടമുണ്ടാകുമെന്ന് അവർ പറഞ്ഞുവെന്നും വൻ ഓഫറുകളുമായാണ് അവർ തന്നെ സമീപിച്ചതെന്നും എംഎൽഎ പറഞ്ഞു. ഒരു സ്വകാര്യ മലയാള വാർത്താ ചാനലുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പുതുച്ചേരിയിൽ ശക്തരല്ലായിരുന്നിട്ടും അധികാരവും പണവും കൈയ്യിലുള്ളതാണ് ബിജെപിക്ക് നേട്ടമായി മാറിയതെന്ന് അദ്ദേഹം പറയുന്നു.
കഴിഞ്ഞ രണ്ട് വർഷങ്ങളായി ഈ നിലയിലുള്ള ചരടുവലികൾ ഊർജ്ജിതമായി നടക്കുന്നുണ്ടായിരുന്നു. ദുർബലമായി നിന്ന ഇടതുപക്ഷത്തിന് ബിജെപിയുടെ വരവ് ഉണർവായി മാറി. ബിജെപി നേതാക്കൾ നേരിട്ടായിരുന്നില്ല തന്നെ സമീപിച്ചത്. എൻആർ കോൺഗ്രസ്, എഡിഎംകെ എന്നീ പാർട്ടികളുടെ ആൾക്കാരാണ് തന്നെ കാണാൻ വന്നത്. ബിജെപിക്കാർ നേരിട്ട് വന്നില്ലെങ്കിൽ ഈ നീക്കങ്ങൾക്ക് കേന്ദ്രത്തിന്റെയടക്കം പിന്തുണയുണ്ടായിരുന്നു. ഇടതുപക്ഷം എന്ന തന്റെ രാഷ്ട്രീയ ആദർശമാണ് പ്രലോഭനങ്ങളിൽപെടാതിരിക്കാൻ കാരണമായതെന്നും വി രാമചന്ദ്രൻ പറഞ്ഞു.
താൻ സ്വതന്ത്ര എംഎൽഎ ആയതിനാൽ സ്ഥാനം രാജിവയ്ക്കാതെ തന്നെ തനിക്ക് മറുവശത്തേക്ക് പോകാൻ കഴിയുമായിരുന്നു എന്നും എന്നാൽ തന്റെ രാഷ്ട്രീയം അതല്ല എന്ന പൂർണബോദ്ധ്യം ഉണ്ടായിരുന്നു എന്നും എംഎൽഎ വ്യക്തമാക്കി. മറുകണ്ടം ചാടിക്കൊണ്ട് നേട്ടമുണ്ടാക്കാനും സർക്കാരിനെ താഴെയിടാനും തയ്യാറാകില്ലെന്ന് ആദ്യമേ പറഞ്ഞു. പുതുച്ചേരി മുഖ്യമന്ത്രി രാജിവയ്ക്കുംവരെ ഒപ്പമുണ്ടായിരുന്നു. തന്റെ അടിയുറച്ച ആദർശത്തെ വിലയ്ക്ക് വാങ്ങാൻ ബിജെപിക്ക് സാധിച്ചില്ല. ആദ്യമായി എംഎൽഎ ആകുന്നയാൾ ആയതുകൊണ്ട് താൻ കൂടെ ചേരും എന്നവർ കരുതി. എംഎൽഎ വിശദീകരിച്ചു.
സ്വന്തമായി എംഎൽഎമാർ ഇല്ലെങ്കിലും നോമിനേറ്റഡ് എംഎൽഎമാർ മാത്രം വിചാരിക്കുകയാണെങ്കിൽ ഇത്തരം അട്ടിമറികൾ സാദ്ധ്യമാണെന്ന് വി രാമചന്ദ്രൻ പറഞ്ഞു. അതൃപ്തിയോടെ ഭരണപക്ഷത്ത് നിന്നവരെ 'വേണ്ട രീതിയിൽ' ആകർഷിക്കാൻ ബിജെപിയുടെ നോമിനേറ്റഡ് എംഎൽഎയുടെ വരവ് കാരണമായി. വ്യക്തിപരമായി ഗുണമുണ്ടാകുമെന്ന വാഗ്ദാനത്തിനൊപ്പം മാഹിയുടെ വികസനത്തിന് കനത്ത ഫണ്ട് താരമെന്നും അവർ തന്നോട് പറഞ്ഞു. ഇടത് എംഎൽഎ പറയുന്നു. അഞ്ച് കോണ്‍ഗ്രസ് എംഎല്‍എമാരും ഒരു ഡിഎംകെ എംഎല്‍എയും രാജിവെച്ചതോടെയാണ് പുതുച്ചേരിയിലെ യുപിഎ ഭരണം അട്ടിമറിക്കപ്പെട്ടത്.