
അവസാന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടും തോറ്റ് കേരള ബ്ളാസ്റ്റേഴ്സ്
നോർത്ത് ഈസ്റ്റിനായി ആദ്യ ഗോൾ നേടിയത് മലയാളി താരം വി.പി സുഹൈർ
മഡ്ഗാവ് :നാണക്കേടിന്റെ നെല്ലിപ്പടിയും കണ്ട് കേരള ബ്ളാസ്റ്റേഴ്സ് ഈ സീസൺ ഐ.എസ്.എല്ലിലെ തങ്ങളുടെ മത്സരങ്ങൾ അവസാനിപ്പിച്ചു.ഇന്നലെ നടന്ന അവസാന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ടുഗോളുകൾക്ക് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനോടാണ് ബ്ളാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങിയത്. സീസണിലെ ഒൻപതാമത്തെ തോൽവിയാണ് മഞ്ഞപ്പട ഇന്നലെ ഏറ്റുവാങ്ങിയത്. എട്ട് കളികളിൽ സമനില വഴങ്ങുകയും ചെയ്ത ബ്ളാസ്റ്റേഴ്സ് 20 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമാണ് ജയിച്ചത്.11 ടീമുകൾ മാറ്റുരയ്ക്കുന്ന ലീഗിൽ 17 പോയിന്റുമായി പത്താം സ്ഥാനക്കാരായാണ് ബ്ളാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്.ഒഡിഷ എഫ്.സി മാത്രമാണ് ബ്ളാസ്റ്റേഴ്സിന് പിന്നിലുള്ളത്.
അവസാനമത്സരത്തിലെങ്കിലും ജയിക്കണമെന്ന ആഗ്രഹത്തിലിറങ്ങിയ ബ്ളാസ്റ്റേഴ്സിനെ തുടക്കം മുതൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു നോർത്ത് ഈസ്റ്റ് യുണൈറ്റഡുകാർ.ആദ്യ മിനിട്ടിൽത്തന്നെ നോർത്ത് ഈസ്റ്റ് യുണൈഡിന്റെ ആക്രമണത്തിൽ നിന്ന് രക്ഷപെടാൻ കോർണർ വഴങ്ങേണ്ടിവന്നു. ഏഴാം മിനിട്ടിൽ ബക്കാരി കോനെയുടെ ഒരു ഹെഡറിലൂടെയാണ് ബ്ളാസ്റ്റേഴ്സ് പ്രത്യാക്രമണം തുടങ്ങിയത്.
34-ാം മിനിട്ടിൽ മലയാളി താരം വി.പി സുഹൈറിലൂടെയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോളടി തുടങ്ങിയത്. ക്ളോസ്റേഞ്ചിൽ നിന്നായിരുന്നു സുഹൈറിന്റെ ഫിനിഷിംഗ്. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് സുഹൈർ സ്കോർ ചെയ്തത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അവർ രണ്ടാം ഗോളും നേടി. ഒരു കോർണർ കിക്കിൽ നിന്ന് ഡൈലാൻ ഫോക്സ് നൽകിയ ക്രോസാണ് ലാലെംഗ്‌മാവിയ ഗോളാക്കി മാറ്റിയത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് സന്ദീപ് സിംഗിന്റെ ക്രോസിൽ നിന്ന് കെ.പി രാഹുലിന്റെ ഒരു ഹെഡർ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തുപോയത് ബ്ളാസ്റ്റേഴ്സിന് നിരാശയായി.
രണ്ടാം പകുതിയിൽ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഒരു ഗോൾ തിരിച്ചടിക്കാൻ പോലും ബ്ളാസ്റ്റേഴ്സിന് കഴിഞ്ഞില്ല.