pinarayi-vijayan

തിരുവനന്തപുരം: കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വരുന്ന സമയങ്ങളിലെല്ലാം എൽഡിഎഫിനെ വിമർശിക്കാൻ താത്പര്യം കാണിക്കുന്ന രാഹുൽ ഗാന്ധിക്ക് ബിജെപിയോട് ഇതേ സമീപനമില്ലാത്തത് എന്തുകൊണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ബിജെപിയെ നേരിടുന്നതിൽ നിന്നും അദ്ദേഹം എന്തുകൊണ്ടാണ് ഒഴിഞ്ഞുമാറുന്നതെന്നും കേരളത്തിൽ കോൺഗ്രസ് നിലനിൽക്കുന്നത് തന്നെ എൽഡിഎഫിന്റെ ശക്തി കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ ജാഥ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

പുതുച്ചേരിയിലെ ഭരണം കോൺഗ്രസിന് എങ്ങനെയാണ് നഷ്ടപ്പെട്ടതെന്നും അക്കാര്യത്തിൽ രാഹുൽ ഗാന്ധിക്ക് എന്തെങ്കിലും ചെയ്യാൻ സാധിച്ചോ എന്നും അദ്ദേഹം ചോദിക്കുന്നു. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി സ്വീകരിക്കേണ്ട സമീപനമല്ല ഇത്. അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിൽ ഇടതുപക്ഷത്തിന് ആശങ്കയില്ലെന്നും മികച്ച പോരാട്ടം തങ്ങൾക്ക് നടത്താൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് ജനങ്ങളോടും ജനങ്ങൾ എൽഡിഎഫിനോടും ഒപ്പമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുമായി കോൺഗ്രസിന് ഏറ്റുമുട്ടേണ്ടി വരുന്നുണ്ടല്ലോ എന്നും എന്തുകൊണ്ടാണ് രാഹുൽ അവിടങ്ങളിലേക്ക് പോകാത്തതെന്നും അദ്ദേഹം പരിഹസിച്ചു. എൽഡിഎഫിനെ ആക്രമിക്കാൻ താത്പര്യപ്പെടുന്നത് കൊണ്ട് കോൺഗ്രസ് രക്ഷപ്പെടുമോ എന്നും ബിജെപിയെ ആക്രമിക്കുന്നതിൽ നിന്നും ഒഴിഞ്ഞുമാറാനുള്ള ശ്രമം രാഹുലും കോൺഗ്രസും നടത്തുന്നില്ലേ എന്നും അദ്ദേഹം ചോദിച്ചു. ബിജെപിക്കെതിരെ പ്രതിരോധം തീർക്കാൻ എൽഡിഎഫ് ഇവിടെയുണ്ട് എന്നും അത് ഈ നാട്ടിലെ ജനങ്ങൾക്ക് അറിയാവുന്ന കാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.