
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുന്ന ഉദ്യോഗാർത്ഥികളെ വീണ്ടും ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ. രേഖാമൂലമുള്ള ഉറപ്പ് കിട്ടാതെ സമരം അവസാനിപ്പിക്കില്ലെന്ന് ഉദ്യോഗാർത്ഥികൾ. നാളെ രാവിലെ 11 മണിക്ക് സെക്രട്ടേറിയറ്റിൽ വച്ച് സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രി എ.കെ.ബാലനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. എന്നാൽ, ഉദ്യോഗാർത്ഥികൾക്ക് അറിയിപ്പ് ഇന്നലെ വൈകിയും ലഭിച്ചില്ല.
ലാസ്റ്റ് ഗ്രേഡ് സർവന്റ്സ് അസോസിയേഷന്റെ സമരം 32 ദിവസവും, സിവിൽ പൊലീസ് ഓഫീസർ റാങ്ക് ഹോൾഡേഴ്സിന്റെ സമരം 20 ദിവസവും പിന്നിട്ട ശേഷമാണ് വീണ്ടും ചർച്ച.. ഇവർക്ക് പിന്തുണ പ്രഖ്യാപിച്ച് യൂത്ത് കോൺഗ്രസ് തുടങ്ങിയ നിരാഹാര സമരം ഇന്നലെ 13 ദിവസം പിന്നിട്ടു. ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ഇന്നലെ എൽ.ജി.എസ് റാങ്ക് ഹോൾഡേഴ്സ് നേതാക്കളെ ഫോണിൽ ക്ഷണിച്ചതനുസരിച്ച് മൂന്ന് പ്രതിനിധികൾ റഹിം അടക്കമുള്ളവരുമായി ചർച്ച നടത്തി. പുതിയ തസ്തിക സൃഷ്ടിക്കണമെന്ന ആവശ്യത്തിൽ നിന്ന് പിന്തിരിയാൻ പ്രേരിപ്പിച്ചെങ്കിലും , റാങ്ക് ജേതാക്കൾ സമ്മതിച്ചില്ല.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സ്ഥിതിക്ക് ഇനി എന്തു ചെയ്യാൻ സർക്കാരിനാവുമെന്ന ചോദ്യത്തിന് ,സർക്കാർ നിയമപരമായി ചെയ്യാവുന്നത് ചെയ്യട്ടെ എന്നായിരുന്നു സമരസമിതി നേതാക്കളുടെ പ്രതികരണം. ഇത്രയും ദിവസം പിച്ച എടുത്തും റോഡിലിഴഞ്ഞും സമരം നടത്തിയിട്ടും തിരിഞ്ഞു നോക്കാതിരുന്ന സർക്കാർ അന്തിമ വേളയിൽ ചർച്ചയ്ക്ക് ക്ഷണിച്ചത് പ്രഹസനമാണെന്നും അവർ കരുതുന്നു.നാളത്തെ ചർച്ചയുടെ ഫലം എന്തായാലും അനുകൂല നിലപാടുണ്ടാവും വരെ സമരം തുടരും. സി.പി.ഒ റാങ്കുകാർ മാർച്ച് ആദ്യ വാരത്തിൽ കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് സെക്രട്ടേറിയറ്റ് വളയൽ അടക്കമുള്ള സമരമാണ് ആലോചിക്കുന്നത്.ഡി.വൈ.എഫ്. ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം, എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ എന്നിവർ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായാൽ അവരുടെ മണ്ഡലങ്ങളിൽ എതിരായി പ്രചാരണം നടത്തുമെന്നും അവർ പറഞ്ഞു.