
തിരുവനന്തപുരം: എല്ലാ തിരഞ്ഞെടുപ്പുകളിലും വോട്ട് ചെയ്യാനായി പരമാവധി പോളിംഗ് ബൂത്തിൽ ഓടിയെത്താറുളള നടനാണ് ഇന്ദ്രൻസ്. തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ വോട്ടറായ ഇന്ദ്രൻസിന് വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ട്. പക്ഷേ തന്റെ രാഷ്ട്രീയം പുറമെ പ്രകടിപ്പിക്കാറില്ലെന്ന് മാത്രം. ഇന്നലെ വൈകുന്നേരം തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നപ്പോൾ ജിജു അശോകൻ സംവിധാനം ചെയ്ത് ദേവ് മോഹൻ നായകനാകുന്ന പുളളി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്രിലായിരുന്നു താരം. തിരക്കുകൾക്കിടയിൽ ഇന്ദ്രൻസ് രാഷ്ട്രീയം സംസാരിക്കുന്നു...
കേരളം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. എന്തൊക്കെയാണ് പ്രതീക്ഷകൾ?
കേരളത്തിലെ ജനങ്ങൾക്ക് തിരിച്ചറിവൊക്കെയുണ്ട്. മലയാളികൾക്ക് വേണ്ടത് പോലെ ചെയ്യാനറിയാം. ഒടുവിൽ നല്ലതായിരിക്കും സംഭവിക്കുകയെന്ന പ്രതീക്ഷയാണ് എനിക്കുളളത്.
സിനിമാരംഗത്തെ സഹപ്രവർത്തകരൊക്കെ ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നുണ്ട്. അതിനോടുളള അഭിപ്രായമെന്താണ്?
കലാകാരന്മാർ സെൻസിറ്റീവാണ്. പെട്ടെന്ന് രാഷ്ട്രീയത്തിലേയ്ക്ക് എടുത്തുചാടാനൊക്കെ അവർക്ക് തോന്നുമായിരിക്കും. അവരുടേതായ മേഖലയിൽ ഒതുങ്ങി നിൽക്കാൻ കഴിയാതെ വരുമ്പോഴാണത്. എന്നാൽ തന്നെയും അത് ഓരോരുത്തരുടെയും ഇഷ്ടമല്ലേ.
ഇന്ദ്രൻസ് എന്ന നടൻ എപ്പോഴെങ്കിലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്ന് ചിന്തിച്ചിട്ടുണ്ടോ?
അങ്ങനെ ചെയ്യരുതെന്നാണ് എന്റെ നിലപാട്. പരമാവധി എല്ലാവർക്കും ഒപ്പം നിൽക്കണം. നമ്മുടെ രാഷ്ട്രീയം നമ്മളിൽ തന്നെ വളരെ ഒതുക്കത്തോടെ കൈകാര്യം ചെയ്യണമെന്നാണ് എന്റെ അഭിപ്രായം. ആരുടെയും മനസിലുളള ഇഷ്ടം കളയാൻ പാടില്ല. മറ്റുളളവർക്ക് ഞാൻ വഴി അതൃപ്തിയുണ്ടാകരുത്.
രാഷ്ട്രീയം പുറമെ പ്രകടിപ്പിക്കില്ലെങ്കിലും അടിയുറച്ച ഇടതുപക്ഷ ചിന്താഗതിക്കാരനാണെന്ന് പൊതുവെ അറിയാവുന്ന കാര്യമാണ്
അങ്ങനെ ഉറപ്പിച്ച് പറയാൻ പറ്റില്ല. നമുക്ക് ഇഷ്ടമുളളതും അനിഷ്ടമുളളതുമൊക്കെയുണ്ട്. പണ്ടത്തെ ഒരു കുടുംബപശ്ചാത്തലം ഇടതുപക്ഷ അനുഭാവമുളളതാണ്.
പിണറായി സർക്കാരിനെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഈ സർക്കാരിനെ ഒരു പരിധി വരെ ഇഷ്ടമാണ്. പലപ്പോഴും അഭിമാനം തോന്നിയിട്ടുണ്ട്. പ്രളയവും കൊവിഡും കൈകാര്യം ചെയ്തതും അതല്ലാതെയുളള വികസന പ്രവർത്തനങ്ങളിലും എല്ലാം തൃപ്തിയുണ്ട്. ചീഞ്ഞ കാര്യങ്ങളെപ്പറ്റി സംസാരിച്ച് ആർക്കും നെറ്റി ചുളിക്കേണ്ടി വന്നില്ലല്ലോ. അതു തന്നെ വലിയ കാര്യമാണ്.
കൊവിഡ് പ്രതിസന്ധിയൊക്കെ കഴിഞ്ഞ് സിനിമാ മേഖല സജീവമാവുകയാണ്. തീയേറ്ററുകളെല്ലാം തുറന്നു,സെക്കൻഡ് ഷോയാണ് ഇനി വേണ്ടത്. പ്രതീക്ഷകൾ എന്തൊക്കെയാണ്?
ഉഷറാകാൻ ഇനിയും സമയമെടുക്കുമെന്ന് തോന്നുന്നു. ആർക്കും ഭീതിയൊന്നും മാറിയിട്ടില്ല. പലർക്കും കുടുംബവുമായി പുറത്തിറങ്ങാൻ ഇപ്പോഴും പേടിയാണ്. ഷൂട്ടിംഗൊക്കെ തുടങ്ങിയെങ്കിലും ആൾക്കാരുടെ മനസും പേടിയുമൊക്കെ മാറാൻ സമയമെടുക്കും.
ചേട്ടന് ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയക്കാരനാരാണ്?
അങ്ങനെ ഒരുപാട് പേരുണ്ട്. രാഷ്ട്രീയത്തിന് അതീതമായി പല നേതാക്കന്മാരോടും നല്ല ബന്ധമാണുളളത്. സിനിമ കണ്ടിട്ടും അല്ലാതെയുമൊക്കെ പലരും വിളിക്കാറുണ്ട്. നമ്മൾ ആ ഒരു നിലയ്ക്ക് നിൽക്കുന്നതു കൊണ്ടാണ് അവരൊക്കെ വിളിക്കുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. പരസ്യമായി രാഷ്ട്രീയത്തിലേക്കൊന്നും ഇറങ്ങാതെയാണല്ലോ ഞാൻ നിൽക്കുന്നത്. പൊതുരംഗത്തുളള ഒരാൾ അങ്ങനെയാണ് നിൽക്കേണ്ടത്. എല്ലാ രാഷ്ട്രീയക്കാരോടും എനിക്ക് സ്നേഹമാണ്. അവരുടെ കാര്യങ്ങൾക്കൊക്കെ ഞാനും എന്റെ കാര്യങ്ങൾക്കൊക്കെ അവരും പങ്കെടുക്കാറുണ്ട്.
വരാൻ പോകുന്ന സർക്കാർ എന്തൊക്കെ കാര്യങ്ങൾ ചെയ്യണമെന്നാണ്. ആശയങ്ങളുണ്ടോ?
അങ്ങനെ പറയാനൊന്നും എനിക്കറിയില്ല. എങ്കിലും നല്ലത് തന്നെയാകും നടക്കുക. മനുഷ്യരുടെ അടിസ്ഥാനപരമായ കാര്യങ്ങൾക്കൊക്കെ പരിഹാരം കാണണം.
തീയേറ്ററിൽ സിനിമ കണ്ട് ശീലിച്ചവരാണ് നമ്മളെല്ലാം. ഇപ്പോൾ ഒ.ടി.ടി റിലീസിന്റെ കാലമാണ്. പുതിയൊരു പ്ലാറ്റ്ഫോമിനെ എങ്ങനെയാണ് നോക്കികാണുന്നത്?
അതിശയത്തോടെ അതിനെ സ്വീകരിക്കുകയാണ് വേണ്ടത്. തീയേറ്ററിൽ പോകാൻ നേരമില്ലാത്തവർക്ക് ഒരു യാത്രയ്ക്കിടയിൽ സിനിമ കാണാൻ പറ്റുന്ന പ്ലാറ്റ്ഫോമാണത്. അതുകൊണ്ട് കലാകാരന്മാർക്ക് ദോഷമൊന്നും സംഭവിക്കാൻ പോകുന്നില്ല.