
തിരുവനന്തപുരം: സ്ഥാനാർത്ഥി നിർണയം പൊതുചർച്ചയാക്കുന്നത് വിനയാകുമെന്നും, വിവാദങ്ങൾ ഒഴിവാക്കണമെന്നും കോൺഗ്രസ് തിരഞ്ഞെടുപ്പ് സമിതി യോഗത്തിൽ നിർദ്ദേശം. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിൽ ഏറ്റവും തിരിച്ചടിയുണ്ടാക്കിയത് സ്ഥാനാർത്ഥി നിർണയസമയത്തെ വിവാദങ്ങളായിരുന്നുവെന്നാണ് പാർട്ടിയിൽ പൊതുവിലയിരുത്തൽ. ഇക്കുറി ശ്രദ്ധയോടെ നീങ്ങണം. സ്ഥാനാർത്ഥി സാദ്ധ്യതാ പട്ടിക പോലും പുറത്തുപോകരുതെന്നാണ് കർശന നിർദ്ദേശം. സ്ഥാനാർത്ഥി നിർണയ മാനദണ്ഡമടക്കമുള്ള വിഷയങ്ങൾ യോഗം ചർച്ച ചെയ്തു.
സാദ്ധ്യതാ പട്ടികയും സ്ഥാനാർത്ഥി നിർണയവും പൂർത്തിയാക്കിക്കഴിഞ്ഞേ അന്തിമ പട്ടിക പുറത്തു വിടാവൂ. സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ ഇക്കുറിയുണ്ടാവരുത്. സ്ഥാനാർത്ഥി ചർച്ചയുടെ രഹസ്യസ്വഭാവം കർശനമായി കാത്തുസൂക്ഷിക്കണം. നിയോജകമണ്ഡലങ്ങളുടെ ചുമതലയുള്ള എം.പിമാർ സ്ഥാനാർത്ഥികളുടെ സാദ്ധ്യതാ പേരുകൾ നിർദ്ദേശിക്കണം. സമിതിയംഗങ്ങൾക്കും നിർദ്ദേശിക്കാം. ഗ്രൂപ്പുകൾ വീതം വച്ചുള്ള പട്ടിക നൽകുന്നുവെന്ന വിമർശനമുണ്ടായി.
തിരഞ്ഞെടുപ്പിന് മുമ്പ് പലേടത്തും സംഘടനാസംവിധാനം ശക്തിപ്പെടുത്തേണ്ടതുണ്ടെന്ന് എ.ഐ.സി.സി പ്രതിനിധികൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷനേതാവിന്റെ ഐശ്വര്യകേരള യാത്ര നല്ല വിജയമായിരുന്നുവെന്ന് യോഗം വിലയിരുത്തി. ഉദ്യോഗാർത്ഥികളുടെ തൊഴിലില്ലായ്മ സമരമേറ്റെടുത്ത് വിജയിപ്പിച്ച യൂത്ത് കോൺഗ്രസിനെ അഭിനന്ദിച്ചു. പ്രകടനപത്രികാ നിർമ്മിതിക്കായി താഴെത്തട്ടിൽ ജനസഭകൾ വിളിച്ചുചേർക്കും. സാമൂഹ്യ വിഭാഗങ്ങളുമായുള്ള ബന്ധം ശക്തമാക്കും. 30 അംഗ സമിതിയിൽ 26 പേരാണ് യോഗത്തിനെത്തിയത്. ഏപ്രിലിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റും ഘടകകക്ഷിക്ക് നൽകാനുള്ള നീക്കത്തിനെതിരെ പി.സി. ചാക്കോയുടെ വിമർശനമുണ്ടായി. സീറ്റ് ലീഗിന് കൊടുക്കാനാണ് നീക്കം. നേരത്തേ വന്ന സീറ്റുകൾ ആദ്യം വീരേന്ദ്രകുമാറിനും പിന്നീട് ജോസ് കെ. മാണിക്കും കൊടുത്ത് നഷ്ടപ്പെടുത്തി. ഡൽഹിയിൽ സ്വാധീനമുള്ള പാർട്ടി നേതാക്കൾ രാജ്യസഭയിലെത്തരുതെന്ന വികാരം കൊണ്ടുനടക്കുന്നവർ, പാർട്ടിയുടെ അവസരമില്ലാതാക്കുകയാണെന്നായിരുന്നു വിമർശനം.