
കോട്ടയം: ഉമ്മൻ ചാണ്ടി പാരവച്ചത് കാരണമാണ് തന്റെ യു ഡി എഫ് പ്രവേശനം നടക്കാതെ പോയതെന്ന് പി സി ജോർജ് എം എൽ എ. എൻ ഡി എയുമായി ചർച്ച നടത്തുന്നുണ്ടെന്നും തീരുമാനം മാർച്ച് മൂന്നിന് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് നേതാക്കൾ വഞ്ചകരാണെന്നും താൻ യു ഡി എഫിലേക്കില്ലെന്നും വ്യക്തമാക്കി കൊണ്ടാണ് ജോർജിന്റെ തുറന്നുപറച്ചിൽ. ചെന്നിത്തല മുഖ്യമന്ത്രിയാകുമോയെന്ന് ഉമ്മൻചാണ്ടിക്ക് ഭയമാണ്. ഉമ്മൻചാണ്ടിയുടേത് പൊയ്‌മുഖമാണെന്നും പി സി ജോർജ് ആരോപിച്ചു.
ഉമ്മൻചാണ്ടിക്കെതിരെ താൻ വെളിപ്പെടുത്തലുകൾ നടത്തും. കേരള രാഷ്ട്രീയത്തിലെ കളളക്കച്ചവടക്കാരുടെ നേതാവാണ് ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയുടെ മുഖം ജനങ്ങളുടെ മുന്നിൽ തുറന്ന് കാട്ടുമെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫ് നേതാക്കന്മാർക്ക് മര്യാദയില്ല. നാല് മാസം മുമ്പ് യു ഡി എഫ് നേതാക്കൾ തന്നെ മുന്നണിയിൽ ചേരാൻ സമീപിച്ചിരുന്നു. കോട്ടയത്ത് ഉൾപ്പടെ യു ഡി എഫിന് തിരിച്ചടിയുണ്ടാകും. താൻ ജനപക്ഷസ്ഥാനാർത്ഥിയായി പൂഞ്ഞാറിൽ മത്സരിക്കുമെന്നും പി സി ജോർജ് വ്യക്തമാക്കി.