attukal-ponkala

തിരുവനന്തപുരം: വീടുകളിൽ പൊങ്കാല പുണ്യം നുകർന്ന് ആറ്റുകാൽ പൊങ്കാലയ്‌ക്ക് തുടക്കമായി. ക്ഷേത്ര തിടപ്പളളിയിലെ പൊങ്കാല അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്‌ക്ക് തുടക്കമായത്. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ, ശശിതരൂർ എം പി, എം എൽ എമാരായ വി എസ് ശിവകുാമർ, വി കെ പ്രശാന്ത്, ഒ രാജഗോപാൽ, മേയർ ആര്യാ രാജേന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചായതിനാൽ ക്ഷേത്രത്തിനുളളിൽ പണ്ടാര അടുപ്പിൽ മാത്രമാണ് പൊങ്കാല അ‌ർപ്പിക്കുന്നത്. ക്ഷേത്രവളപ്പിലും ഭക്തർക്ക് പൊങ്കാല ഇടാൻ അനുവാദമില്ല. പൊതുസ്ഥലത്ത് പൊങ്കാലയർപ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം നേരത്തെ നിർദേശം നൽകിയിരുന്നു.

ഉച്ച കഴിഞ്ഞ് 3.40നാണ് പൊങ്കാല നിവേദിക്കുക. വൈകുന്നേരത്തെ ദീപാരാധനയ്‌ക്ക് ശേഷം ഏഴ് മണിയോടെ കുത്തിയോട്ട ചടങ്ങുകൾ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഒരു ബാലൻ മാത്രമാണ് കുത്തിയോട്ട ചടങ്ങിൽ പങ്കെടുക്കുന്നത്. പുലർച്ചെ ഒരു മണിയ്‌ക്ക് ക്ഷേത്ര നട അടയ്‌ക്കും.