
ആലപ്പുഴ: പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തുന്നതും പൊലീസ് ഉദ്യോഗസ്ഥനെ ബോധപൂർവം കൈയേറ്റം ചെയ്യുന്നതും ഉൾപ്പെടെ കേസുകൾ കോടതിയിലേക്ക് വിടാതെ സ്‌റ്റേഷനിൽ തന്നെ രാജിയാക്കാമെന്ന ആലപ്പുഴ ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവ് വിവാദത്തിൽ. കേരള പൊലീസ് നിയമത്തിലെ 117 മുതൽ 121 വരെ വകുപ്പുകൾ ഉപയോഗിച്ച് ചാർജ് ചെയ്യുന്ന കേസുകൾ രാജിയാക്കാമെന്നാണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയദേവ് ഉത്തരവിറക്കിയത്. ശല്യമുണ്ടാക്കൽ, ക്രമസമാധാന ലംഘനം എന്നിവയ്‌ക്ക് രജിസ്റ്റർ ചെയ്യുന്ന കേസുകളും പ്രത്യേകം വ്യവസ്ഥ ചെയ്യാത്ത കുറ്റങ്ങൾക്ക് എടുക്കുന്ന കേസുകളും പൊലീസ് സ്റ്റേഷനുകളിൽത്തന്നെ രാജിയാക്കാമെന്നും ഉത്തരവിലുണ്ട്.
കുറ്റം തെളിയിച്ചാൽ മൂന്നുവർഷം വരെ തടവോ പതിനായിരം രൂപയിൽ കുറയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ലഭിക്കുന്ന ശിക്ഷയാണ് അയ്യായിരം രൂപ പിഴയിൽ ഒതുക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. പ്രതിക്ക് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സ്‌റ്റേഷനിലെ എസ്.എച്ച്.ഒ. മുഖേനയോ പൊലീസ് മേധാവിക്ക് നേരിട്ടോ അപേക്ഷ നൽകാം. ഇതു പരിശോധിച്ച് ജില്ലാ പൊലീസ് മേധാവി കേസ് രാജിയാക്കും. ഈ നീക്കത്തിനെതിരേ പോലീസുകാർക്കിടയിൽനിന്നുതന്നെ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
188 ഐ വകുപ്പു പ്രകാരം രജിസ്റ്റർ ചെയ്യുന്ന കേസുകളും ഈ ഉത്തരവ് പ്രകാരം രാജിയാക്കാം. പതിനെട്ട് വയസ്സിൽ താഴെയുളളവർക്ക് ലഹരിപദാർഥങ്ങളോ കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഹാനികരമായ വസ്തുക്കളോ വിൽക്കുകയോ അതിനായി സ്‌കൂൾ പരിസരത്ത് അവ സംഭരിക്കുകയോ ചെയ്താൽ ഈ വകുപ്പ് ഉപയോഗിച്ചാണ് കേസ് രജിസ്റ്റർ ചെയ്യുന്നത്. മൂന്നുവർഷം വരെ തടവോ പതിനായിരം രൂപയിൽ കവിയാത്ത പിഴയോ ഇവ രണ്ടും കൂടിയോ ആണ് ശിക്ഷ. എന്നാൽ, 5000 പിഴയടച്ച് ജില്ലാ പൊലീസ് മേധാവിക്ക് ഈ കേസും രാജിയാക്കാം. അതേസമയം, കോടതിയിൽ കുറ്റപത്രം സമർപ്പിച്ച കേസുകളിലൊന്നും ഈ നിർദേശങ്ങൾ ബാധകമായിരിക്കില്ല.