jagadeesh

തിരുവനന്തപുരം: സംസ്ഥാനം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ മത്സരിക്കാനും പ്രചാരണം നയിക്കാനുമായി ഒരു പറ്റം താരങ്ങളാണ് അണിയറയിൽ ഒരുക്കം നടത്തുന്നത്. കോൺഗ്രസിലേക്ക് ധർമ്മജൻ ബോൾഗാട്ടിയും രമേശ് പിഷാരടിയും ഇടവേള ബാബുവുമെല്ലാം പരസ്യമായി തങ്ങളുടെ നിലപാട് വ്യക്തമാക്കി രംഗത്തെത്തി കഴിഞ്ഞു. ഐ എഫ് എഫ് കെ വിവാദത്തിലൂടെ സലിംകുമാർ തന്റെ രാഷ്ട്രീയം ഒന്നു കൂടി ഉച്ചത്തിൽ വിളിച്ചുപറയുകയും ചെയ്‌തു. അതേസമയം, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച ജഗദീഷ് എവിടെയാണെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

വർഷങ്ങൾക്ക് മുമ്പ് തന്നെ തന്റെ കോൺഗ്രസ് അനുഭാവം വ്യക്തമാക്കിയ ജഗദീഷിന് 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് കോൺഗ്രസ് സീറ്റ് നൽകിയത്. പത്തനാപുരത്ത് സഹപ്രവർത്തകനായ ഗണേശ് കുമാറായിരുന്നു മുഖ്യ എതിരാളി. പ്രചാരണത്തിൽ ഓളം സൃഷ്‌ടിച്ചെങ്കിലും വോട്ടെണ്ണിയപ്പോൾ ദയനീയ തോൽവിയായിരുന്നു ജഗദീഷിനെ കാത്തിരുന്നത്. ഭരണ വിരുദ്ധ തരംഗവും മണ്ഡലത്തിലെ ഗണേശിന്റെ സ്വാധീനവും കോൺഗ്രസിലെ തമ്മിൽതല്ലുമെല്ലാം ജഗദീഷിന്റെ തോൽവിക്ക് വഴിയൊരുക്കി. മറ്രൊരു സിനിമാ നടനായ ഭീമൻ രഘുവായിരുന്നു അന്ന് മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചത്.

പത്തനാപുരത്ത് പരാജയപ്പെട്ട ശേഷം രാഷ്ട്രീയത്തിൽ ജഗദീഷിനെ സജീവമായി ആരും കണ്ടിരുന്നില്ല. എന്നാൽ കോൺഗ്രസിന്റെ ചുരുക്കം ചില പരിപാടികളിൽ അദ്ദേഹം പങ്കെടുത്തിരുന്നു. വീണ്ടുമൊരു തിരഞ്ഞെടുപ്പിന് കേളികൊട്ട് ഉയരുകയും താരങ്ങൾ കൂട്ടത്തോടെ രാഷ്ട്രീയത്തിലേക്ക് വരികയും ചെയ്‌തതോടെയാണ് ജഗദീഷ് എവിടെയെന്ന് പലരും ഉറ്റുനോക്കുന്നത്. താരം കഴിഞ്ഞ തവണ മത്സരിച്ച പത്തനാപുരത്ത് ഇത്തവണ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമക്കാല സീറ്റ് ഉറപ്പിച്ച് കഴിഞ്ഞു.

സാധാരണ കോൺഗ്രസിന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്ന ജഗദീഷ് ഇത്തവണ പാർട്ടി സ്ഥാനാർത്ഥികൾക്ക് വേണ്ടി കളത്തിലിറങ്ങമോയെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. സംസ്ഥാനത്ത് ഏറ്റവും വലിയ ത്രികോണ മത്സരം നടക്കുന്ന, ബി ജെ പിയുടെ ഏക സീറ്റിംഗ് സീറ്റുയ നേമം മണ്ഡലത്തിലാണ് ജഗദീഷ് താമസിക്കുന്നത്. കോൺഗ്രസ് നല്ലൊരു സ്ഥാനാർത്ഥിക്കായി വിയർക്കുന്ന നേമത്ത് ജഗദീഷിനെ മത്സരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ സൈബർ പോരാളികൾ ഇടയ്‌ക്ക് രംഗത്തെത്തിയിരുന്നു.

വരുംദിവസങ്ങളിൽ തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുമെന്നാണ് ജഗദീഷ് കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ജഗീഷുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.

'പൃഥ്വിരാജിന്റെ പടത്തിലാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്. ഇതുകഴിഞ്ഞ് എല്ലാം കൂടി ചേർത്തായിരിക്കും എന്റെ പ്രതികരണം. എല്ലാം ഞാൻ പറയും. എല്ലാം മാദ്ധ്യമങ്ങളോട് പങ്കുവയ്‌ക്കും. അതിനനുസരിച്ച് കാത്തിരിക്കണം. വെയിറ്ര്... വെയിറ്റ് ഫോർ മൈ അനൗൺസ്‌മെന്റ്...'