
ലക്‌നൗ: അമ്പത്തിയഞ്ചുകാരനും മകനും യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി. ഉത്തർപ്രദേശിലെ സീതാപൂരിലാണ് സംഭവം.ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
യുവതി സിദ്ധൗലി പ്രദേശത്തെ അമ്മയുടെ വീട്ടിൽ നിന്ന് മിശ്രിഖിലെ തന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. യാത്രാമദ്ധ്യേ അമ്പത്തിയഞ്ചുകാരൻ തന്റെ കാളവണ്ടിയിൽ യുവതിയ്ക്ക് ലിഫ്റ്റ് കൊടുത്തു. തുടർന്ന് അച്ഛനും മകനും ചേർന്ന് കൂട്ടബലാത്സംഗം ചെയ്ത ശേഷം തീകൊളുത്തുകയായിരുന്നു.
സീതാപൂരിലെ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയ്ക്ക് 30 ശതമാനം പൊള്ളലേറ്റതായി ഡോക്ടർമാർ അറിയിച്ചു. എന്നിരുന്നാലും അപകടനില തരണംചെയ്തതായും അവർ കൂട്ടിച്ചേർത്തു. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയക്കുമെന്നും, സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും എസ് പി അറിയിച്ചു.