shobha-surendran

തൃശൂർ: ബി ജെ പിയുടെ വിജയയാത്ര വേദിയിൽ മുസ്ലീം ലീഗ് വാദം ആവർത്തിച്ച് ശോഭാ സുരേന്ദ്രൻ. നരേന്ദ്രമോദിയുടെ നേതൃത്വം അംഗീകരിച്ചാൽ ലീഗുമായും സഖ്യമാകാമെന്ന് ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി. മുന്നണിയെ വികസിപ്പാക്കാനുളള മാതൃക കേന്ദ്രനേതൃത്വം കാട്ടിതന്നിട്ടുണ്ട്. കാശ്‌മീരിൽ അവിടെയുളള പാർട്ടികളുമായി ബി ജെ പി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.

താൻ പറഞ്ഞത് ഭാവി കേരളത്തിൽ ഭരണം ഉറപ്പിക്കാൻ പോകുന്ന ഒരു പാർട്ടിയുടെ നിലപാടാണ്. ആ നിലപാടിൽ തെറ്റില്ല. മുസ്ലീം ലീഗ് എന്നുളളത് വർഗീയ പാർട്ടിയാണ്. എന്നാൽ ആ വർഗീയ നിലപാട് തിരുത്തി രാജ്യത്തിന്റെ ദേശീയത ഉൾക്കൊണ്ട് ലീഗ് കടന്നുവരുമ്പോൾ അവരേയും ഉൾക്കൊളളാൻ സാധിക്കുന്ന പാർട്ടിയാകും ബി ജെ പി. അതാണ് ബി ജെ പിയുടെ മുഖമുദ്രയെന്നാണ് താൻ പറഞ്ഞതെന്നും ശോഭാ സുരേന്ദ്രൻ വ്യക്തമാക്കി.

നേരത്തെ മുസ്ലീം ലീഗ് വാദവുമായെത്തിയ ശോഭാസുരേന്ദ്രനെ പാർട്ടി അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ തളളിയിരുന്നു. ലീഗ് രാജ്യത്തെ വിഭജിച്ച പാർട്ടിയാണെന്നും അവരുമായി സഖ്യത്തിനില്ലെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഇതുനു തൊട്ടുപിന്നാലെയാണ് വിജയയാത്ര വേദിയിൽ പരാമർശം ആവർത്തിച്ച് ശോഭ രംഗത്തെത്തിയിരിക്കുന്നത്.