
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നിന്നും ബി ജെ പി അനായാസമായി വിജയിക്കാമെന്ന് ധരിക്കേണ്ടെന്ന് കെ പി സി സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. അതൊക്കെ ഒരു കടങ്കഥയാണ്. നേമത്തും വട്ടിയൂർക്കാവിലും ഏറ്റവും മികച്ച സ്ഥാനാർത്ഥികൾ കോൺഗ്രസിന് ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മുതിർന്ന നേതാക്കൾ ആയിരിക്കുമോ എന്ന ചോദ്യത്തിന് കാത്തിരുന്ന് കാണാമെന്നായിരുന്നു മുല്ലപ്പളളിയുടെ പ്രതികരണം.
ഇരുപത് സീറ്റിൽ കോൺഗ്രസും സി പി എമ്മും തമ്മിൽ ധാരണ ഉണ്ടാക്കിയിരിക്കുന്നു എന്ന കേന്ദ്രമന്ത്രി വി മുരളീധരന്റെ പ്രസ്താവന വിചിത്രമാണ്. ഈ വർഷത്തെ നിറം പിടിപ്പിച്ച നുണ മാത്രമാണിത്. താൻ നിരവധി തവണ സി പി എമ്മും ബി ജെ പിയുമായുളള രഹസ്യബന്ധത്തെക്കുറിച്ച് വ്യക്തമാക്കി കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു. ആ രഹസ്യധാരണയുടെ അന്തർധാര പരിപൂർണമായും പ്രതിഫലിച്ചത് തദ്ദേശ തിരഞ്ഞെടുപ്പിലാണ്. താൻ നിരന്തരം ഉന്നയിച്ച തില്ലങ്കേരി മോഡലിൽ ഈ നിമിഷം വരെ മറുപടി പറയാൻ ബി ജെ പിയോ സി പി എമ്മോ തയ്യാറായിട്ടില്ല. അതിൽ നിന്നും രക്ഷപ്പെടാൻ എടുത്ത തന്ത്രമാണിതെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, കോൺഗ്രസിന് ഏറ്റവും മികച്ച വിജയം നേടിക്കൊടുക്കുക എന്നതാണ് തന്റെ മുന്നിലുളള ലക്ഷ്യമെന്ന് മുല്ലപ്പളളി പറഞ്ഞു. കോൺഗ്രസിന് സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഒരുകാലത്തും ദൗർലഭ്യമില്ല. നേതാക്കന്മാരെ കൊണ്ട് സമ്പന്നമായ പാർട്ടിയാണ്. മിടുക്കന്മാരും മിടുക്കികളുമായ ധാരാളം പേർ ഉളളതുകൊണ്ട് തന്നെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ പ്രയാസം ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.