
നാസയുടെ പെഴ്സിവീയറൻസ് റോവർ വിജയകരമായി ചൊവ്വയിലിറങ്ങിയതാണ് കഴിഞ്ഞയാഴ്ചയിലെ പ്രധാന സംഭവം. കഴിഞ്ഞ ഇന്ത്യൻ സമയം 19 ന് പുലർച്ചെ 2.28നാണു റോവർ ചൊവ്വയിലെ വടക്കൻ മേഖലയായ ജെസീറോ ക്രേറ്ററിൽ ഇറങ്ങിയത്. ജെസീറോയിൽ ജീവന്റെ തെളിവുകൾ അന്വേഷിക്കുകയാണ് ദൗത്യത്തിന്റെ പ്രധാനലക്ഷ്യം.
അന്തരീക്ഷത്തിലേക്കു പ്രവേശിച്ച ശേഷം 1300 ഡിഗ്രി ഉയർന്ന താപനില ദൗത്യപേടകത്തിൽ ഉടലെടുത്തെങ്കിലും താപകവചം അതിനെ ചെറുത്തു.അന്തരീക്ഷമർദ്ദം മാറുന്നതനുസരിച്ച് ത്രസ്റ്ററുകൾ ജ്വലിപ്പിച്ച് പേടകം സ്ഥിരത നിലനിറുത്തി. വേഗം മണിക്കൂറിൽ 1600 ആയതോടെ പേടകത്തിന്റെ പാരച്യൂട്ടുകൾ തുറന്നു. തുടർന്ന് ഇറങ്ങേണ്ട സ്ഥലം കൃത്യമായി നിരീക്ഷിച്ചു.
ഇറങ്ങുന്നതിനു 12 സെക്കൻഡ് മുൻപായി ‘സ്കൈ ക്രെയ്ൻ മനൂവർ’ ഘട്ടം തുടങ്ങി.റോവറിനെ വഹിച്ച്, റോക്കറ്റ് എൻജിനുകൾ ഘടിപ്പിച്ച ഒരു ഭാഗം പേടകത്തിൽ നിന്നു വേർപെട്ട് സ്ഥിരത നേടിയ ശേഷം കേബിളുകളുടെ സഹായത്താൽ റോവറിനെ താഴേക്കിറക്കി. തുടർന്ന് കേബിളുകൾ വേർപെട്ടു. ഇൻജെന്യൂയിറ്റി എന്ന ചെറു ഹെലിക്കോപ്റ്ററിനെയും റോവർ വഹിക്കുന്നുണ്ട്. അനുയോജ്യമായ സമയത്ത് ഇതു പറത്തും.
2020 ജൂലൈ 30നു വിക്ഷേപിച്ച ദൗത്യം ഏഴ് മാസം കൊണ്ട് 48 കോടി കിലോമീറ്റർ സഞ്ചരിച്ചാണു ചൊവ്വയിലെത്തിയത്. ഇതോടെ ചൊവ്വയിലെത്തുന്ന അഞ്ചാമത്തെ റോവറായി പെഴ്സിവീയറൻസ്. ദൗത്യത്തിന്റെ ലാൻഡിംഗ് വിഡിയോകൾ നാസ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. പെഴ്സിവീയറൻസിലെ 25 കാമറകളിൽ അഞ്ചെണ്ണമാണു ദൃശ്യങ്ങൾ പകർത്തിയത്. ഇതു കൂടാതെ ലാൻഡിങ് സമയത്തെ ശബ്ദങ്ങൾ, പെഴ്സിവീയറൻസിന്റെ മൈക്രോഫോണുകൾ പകർത്തിയതും പുറത്തു വിട്ടിട്ടുണ്ട്. ചൊവ്വയിലെ കാറ്റിന്റെ ശബ്ദവും ഇതിൽ കേൾക്കാം.
ഒടുവിൽ ചൈന സമ്മതിച്ചു
ഗാൽവാൻ സംഘർഷത്തിൽ നാലു സൈനികർ കൊല്ലപ്പെട്ടതായും ഒരു ഉന്നത സൈനിക ഉദ്യോഗസ്ഥന് ഗുരുതര പരിക്കേറ്റതായും ചൈന ഔദ്യോഗികമായി സ്ഥിരീകരിച്ചത് കഴിഞ്ഞയാഴ്ചയാണ്. സംഘർഷം നടന്ന് എട്ടുമാസത്തിന് ശേഷമാണ് ചൈന ഇക്കാര്യം സമ്മതിക്കുന്നത്.
ഇന്ത്യൻ സൈന്യത്തിന്റെ ചെറുത്ത് നിൽപ്പിനിടെ കൊല്ലപ്പെട്ട ചെൻ ഹോംങ്ജുനിന് ഹീറോ ടു ഡിഫെൻഡ് ദ ബോർഡർ, ചെൻ ഷിയാംഗ്രോംഗ്, ഷിയാവോ സിയുൻ, വാംഗ് ഹുറോൻ എന്നിവർക്കും രക്ഷാപ്രവർത്തനത്തിനിടെ മരിച്ച വാംഗ് ഷുറോണിനും ദി ഫസ്റ്റ് ക്ലാസ് മെറിറ്റ് മെഡലും മരണാനന്തര ബഹുമതിയായി ചൈന നൽകി.
തലയ്ക്ക് ഗുരുതര പരിക്കേറ്റ ഷിജിയാംഗ് മിലിട്ടറി കമാൻഡർ ക്വി ഫാബോയ്ക്ക് ഹീറോ റെജിമെന്റൽ കമാൻഡർ ഫോർ ഡിഫെൻഡിംഗ് ബോർഡർ ബഹുമതി നൽകി. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് തലവനായ സെന്റട്രൽ മിലിട്ടറി കമ്മിഷനെ ഉദ്ധരിച്ച് ചൈനീസ് ഔദ്യോഗിക മാദ്ധ്യമമായ പീപ്പിൾസ് ഡെയ്ലിയാണ് വാർത്ത പുറത്തുവിട്ടത്. ജൂൺ 15ന് കിഴക്കൻ ലഡാക്കിലെ ഗാൽവനിൽ ഇന്ത്യൻ ഭൂപ്രദേശത്തേക്ക് അതിക്രമിച്ചു കയറാൻ ചൈന ശ്രമിച്ചതോടെയുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരാണ് വീരമൃത്യു വരിച്ചത്. 45 ചൈനീസ് സൈനികർ മരിച്ചുവെന്നാണ് റഷ്യൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്.
ഉത്തരാഖണ്ഡ് : മരിച്ചത് 136പേർ
കഴിഞ്ഞ ഏഴിന് ഉത്തരാഖണ്ഡിലെ ചമോലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ 136 പേർ മരിച്ചതായി സർക്കാർ പ്രഖ്യാപിച്ചു. രക്ഷാപ്രവർത്തനം അസാദ്ധ്യമായതിനാൽ കാണാതായവരുടെ കുടുംബങ്ങൾക്ക് അടിയന്തിര സഹായം എത്തിക്കുന്നതിനാണിത്. സർക്കാരിന്റെ കണക്ക് പ്രകാരം 204 പേരാണ് അപകടത്തിൽപ്പെട്ടത്. പതിനഞ്ച് ദിവസത്തിലേറെ വ്യാപക തിരച്ചിൽ നടത്തിയിട്ടും 68 മൃതദേഹങ്ങളാണ് കണ്ടെത്തിയത്.
തപോവൻ - വിഷ്ണുഗഡ്, ഋഷി ഗംഗ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിലെ എൻ.ടി.പി.സിയുടെ തൊഴിലാളികളാണ് പ്രധാനമായും ദുരന്തത്തിനിരയായത്. കാണാതായതിലേറെയും ഇവരാണ്. തപോവനിലെ തുരങ്കം അടക്കം തുരന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും 12 അടിയിലേറെ പൊക്കത്തിൽ മണ്ണും കല്ലും നിറഞ്ഞതിനാൽ തെരച്ചിൽ അസാദ്ധ്യമാണെന്നാണ് ദുരന്ത നിവാരണ സേനയുടെ വിലയിരുത്തൽ. മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാനത്തിന്റെ വക 4 ലക്ഷം രൂപയും കേന്ദ്രത്തിന്റെ വക 2 ലക്ഷം രൂപയും ധനസഹായം നല്കും.
വൈദ്യുതി ബിൽ 80 കോടി,
ബോധംകെട്ട് വീണ് 80കാരൻ
മഹാരാഷ്ട്രയിൽ 80 കോടിയുടെ വൈദ്യുതി ബിൽ കണ്ട് രക്തസമ്മർദം കൂടിയ അരി മിൽ ഉടമ ഗണപത് നായിക്കിനെ (80) ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കഴിഞ്ഞയാഴ്ചയാണ്.
കഴിഞ്ഞദിവസമാണ് ഗണപതിന് ബിൽ ലഭിച്ചത്. ബിൽ തുകയിലേക്ക് ഒരു തവണ നോക്കിയപ്പോൾ തന്നെ അദ്ദേഹം ഒന്ന് ഞെട്ടി. വായിച്ചതിലെ തെറ്റാണെന്ന് കരുതി ഒന്നുകൂടി നോക്കി. അതോടെ ബോധം കെട്ട് വീഴുകയായിരുന്നു. ഇതുകണ്ട് ഓടിയെത്തിയവരാണ് ഗണപതിനെ ആശുപത്രിയിലാക്കിയത്. ബോധം വീണപ്പോഴാണ് ബിൽ തുകയുടെ കാര്യം അദ്ദേഹം മക്കളോട് പറഞ്ഞത്. ബിൽ കണ്ട ഞെട്ടലിൽ ഹൃദ്‌രോഗിയായ ഗണപതിന്റെ ജീവന് ഒന്നും സംഭവിക്കാത്തത് ഭാഗ്യം കൊണ്ടാണെന്നാണ് ഡോക്ടർമാർ പറയുന്നത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി വൈദ്യുതിബോർഡ് അധികൃതർക്ക് പരാതി നൽകി. സ്വാഭാവികമായുണ്ടാകുന്ന ഒരു പിഴവാണിതെന്നും ഉടൻതന്നെ ബിൽ തിരുത്തി നൽകുമെന്നുമാണ് അധികൃതർ പറയുന്നത്. അധികൃതർക്കെതിരെ നിയമനടപടി സ്വീകരിക്കുന്നതിനെക്കുറിച്ചുളള ആലോചനയിലാണ് അദ്ദേഹത്തിന്റെ ബന്ധുക്കൾ.