
ന്യൂഡൽഹി: ചൈനയുടെ സിനോഫാർമിന്റെ കൊവിഡ് വാക്‌സിൻ വേണ്ടെന്നുവച്ച് ശ്രീലങ്ക. 14 ദശലക്ഷം ആളുകൾക്ക് കുത്തിവയ്‌പെടുക്കാൻ ഇന്ത്യ നിർമ്മിച്ച ഓക്‌സ്‌ഫോർഡ് അസ്ട്രാസെനെക്ക വാക്‌സിൻ ഉപയോഗിക്കാനാണ് ശ്രീലങ്കയുടെ തീരുമാനം.
ചൈനീസ് വാക്‌സിൻ സിനോഫോറിന്റെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നും, വാക്‌സിൻ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട രേഖകൾ ഇതുവരെ നൽകിയിട്ടില്ലെന്നും കാബിനറ്റ് സഹ വക്താവ് ഡോ. രമേശ് പതിരാന പറഞ്ഞു.
' സിറം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയിൽ നിന്നുള്ള അസ്ട്രാസെനെക്ക വാക്‌സിനെയാണ് ശ്രീലങ്ക കൂടുതലായി ആശ്രയിക്കുന്നത്. തൽക്കാലം ഞങ്ങൾ അസ്ട്രാസെനെക്ക വാക്‌സിനൊപ്പം മുന്നോട്ടുപോകുന്നു.ചൈനയിൽ നിന്ന് ആവശ്യമായ രേഖകൾ ലഭിക്കുന്ന നിമിഷം അത് രജിസ്റ്റർ ചെയ്യുന്നത് പരിഗണിക്കാം'-അദ്ദേഹം പറഞ്ഞു.
റഷ്യൻ വാക്‌സിനായ സ്പുട്‌നികിനും ഇതുവരെ ആവശ്യമായ അംഗീകാരം ലഭിച്ചിട്ടില്ല. അതിനാൽ തന്നെ 14 ദശലക്ഷം പേർക്ക് കുത്തിവയ്‌പെടുക്കാൻ ഇന്ത്യൻ വാക്‌സിനെ ആശ്രയിക്കാൻ ശ്രീലങ്ക നിർബന്ധിതമാണെന്നും അദ്ദേഹം പറഞ്ഞു.52.5 ദശലക്ഷം യുഎസ് ഡോളറിന് സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നിന്ന് 10 ദശലക്ഷം ഡോസ് വാക്‌സിൻ വാങ്ങാൻ ശ്രീലങ്കൻ മന്ത്രിസഭ അംഗീകാരം നൽകി.
ചൈനീസ് വാക്‌സിനുകളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാത്തതിനെപ്പറ്റി നേരത്തെ നേപ്പാൾ ഉൾപ്പടെ ചില രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചിരുന്നു. വാക്‌സിൻ വിതരണം ചെയ്യുന്ന കമ്പനി ആവശ്യമായ രേഖകൾ നൽകിയിട്ടില്ലെന്ന് കാണിച്ച് നേപ്പാൾ ചൈനീസ് എംബസിക്ക് കത്തയച്ചിരുന്നു. തങ്ങളുടെ വാക്‌സിൻ ആരും സ്വീകരിക്കാത്തതിനാൽ ചൈന അത് വാങ്ങാൻ മറ്റ് രാജ്യങ്ങളിൽ സമ്മർദ്ദം ചെലുത്തുകയാണ്.