petrol

ന്യൂഡൽഹി: പെട്രോളിനും പാചകവാതകത്തിനും തണുപ്പുകാലത്തിന് ശേഷം വിലകുറയും എന്നഭിപ്രായപ്പെട്ട കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാനെ പരിഹസിച്ച് കോൺഗ്രസ്. 'തണുപ്പുകാലം കഴിയുമ്പോൾ വിലയും കുറയുമെന്ന് പെട്രോളിയം മന്ത്രി . ഇത് തണുപ്പുകാലത്തുണ്ടാകുന്നതാണ്. എന്താ പെട്രോളും പാചകവാതകവും തണുപ്പുകാലത്തുണ്ടാകുന്ന പഴങ്ങളാണോ?' കോൺഗ്രസ് നേതാവ് ഡോ.അജോയ് കുമാർ ട്വി‌റ്ററിലൂടെ ചോദിച്ചു.

വിവിധ നഗരങ്ങളിൽ പെട്രോൾ വില നൂറ് രൂപയായതിനെ കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഇന്നലെ പെട്രോളിയം മന്ത്രി ഇങ്ങനെ അഭിപ്രായപ്പെട്ടത്. 'ഇതൊരു അന്താരാഷ്‌ട്ര പ്രശ്‌നമാണ്. അന്താരാഷ്‌ട്ര വിപണിയിൽ പെട്രോളിയം ഉൽപന്നങ്ങൾക്കുള‌ള വിലക്കൂടുതൽ ഇവിടെ ഉപഭോക്താക്കളെയും ബാധിച്ചു. വില കൂടിയതിന് കാരണം തണുപ്പ് കാലത്ത് ഉപഭോഗം കൂടിയതുകൊണ്ടാണ്. ഈ സീസൺ കഴിയുമ്പോൾ വിലക്കുറവുണ്ടാകും.'

അതേസമയം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ പാർട്ടികൾ കുത്തനെയുള‌ള എണ്ണവില വർദ്ധനയിൽ പ്രതിഷേധിച്ചു. കേരള തലസ്ഥാനത്ത് ഐഎൻടിയുസി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂർ എം.പി പ്രതിഷേധിച്ചു. ബീഹാറിൽ ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് തന്റെ ഔദ്യോഗിക വസതി മുതൽ സെക്രട്ടറിയേ‌റ്റ് വരെ സൈക്കിളിലെത്തിയാണ് പ്രതിഷേധിച്ചത്.