
അഹമ്മദാബാദ്: ഇംഗ്ലണ്ടിനെതിരായ നാലമത്തേയും അവസാനത്തേയും ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽ നിന്ന് പേസർ ജസ്പ്രീത് ബുംറ പിന്മാറി.വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് താരത്തിന്റെ പിന്മാറ്റം. ബി.സി.സി.ഐയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
വ്യക്തിപരമായ കാരണങ്ങളാൽ തനിക്ക് ടീമിൽ നിന്ന് വിടുതൽ തരണമെന്ന ബുംറയുയെ അപേക്ഷ അംഗീകരിച്ചെന്നും അദ്ദേഹം നാലാം ടെസ്റ്റിന് ഉണ്ടാകുകയില്ലെന്നും ബി.സി.സി.ഐ ട്വീറ്റ് ചെയ്തു.
ബുംറയ്ക്ക് പകരം ആരെയും പുതുതായി ഉൾപ്പെടുത്തില്ലെന്നാണ് റിപ്പോർട്ട്. പരമ്പരയിലെ രണ്ടാം മത്സരത്തിൽ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. ടെസ്റ്റിന് ശേഷം നടക്കുന്ന ട്വന്റി-20,ഏകദിന പരമ്പരകളിൽ നേരത്തേ തന്നെ ബുംറയ്ക്ക് വിശ്രമം അനുവദിച്ചിരുന്നു. കഴിഞ്ഞ ആഗസ്റ്റ് മുതൽ ബയോ ബബിളിലാണ് ബുംറ. ഐ.പി.എല്ലിന് ശേഷം നേരേ ഇന്ത്യൻ ടീമിനൊപ്പം ആസ്ട്രേലിയക്ക് പോവുകയായിരുന്നു 27കാരനായ ബുംറ.