
റിയാദ്: മാദ്ധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയെ വധിച്ചതിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് പങ്കുണ്ടെന്ന് അമേരിക്കൻ ഇന്റലിജൻസ് റിപ്പോർട്ട്. ഖഷോഗിയെ കൊല്ലാനോ പിടികൂടാനോ ഉള്ള ഓപ്പറേഷന് സൽമാൻ രാജകുമാരൻ സമ്മതം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൽമാൻ രാജകുമാരന്റെ നിർദ്ദേശമില്ലാതെ കൊലപാതകം നടക്കുക എന്നത് അസാദ്ധ്യമാണ്. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച റാപിഡ് ഇന്റർവെൻഷൻ ഫോഴ്സിലെ 15 ഉദ്യോഗസ്ഥരിൽ ഏഴു പേർ എത്തിയത് സൗദി അറേബ്യയിൽ നിന്നായിരുന്നു. രാജകുടുംബത്തെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്വമാണ് ഇവർക്കുള്ളത്.
സൽമാൻ രാജകുമാരൻ വളരെ കർക്കശക്കാരനാണ്. ജോലികൾ പൂർത്തിയാക്കുന്നതിൽ പരാജയപ്പെട്ടാൽ ജീവനക്കാരെ പിരിച്ചുവിടുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതനുസരിച്ച് സഹായികൾ കിരീടാവകാശിയുടെ ഉത്തരവുകളെ ചോദ്യം ചെയ്യാനോ അദ്ദേഹത്തിന്റെ സമ്മതമില്ലാതെ തന്ത്രപ്രധാനമായ തീരുമാനങ്ങൾ എടുക്കാനോ സാദ്ധ്യതയില്ല. 2017 മുതൽ കിരീടാവകാശിക്ക് രാജ്യ സുരക്ഷയുടെയും രഹസ്യാന്വേഷണ സംഘടനകളുടെയും പൂർണ നിയന്ത്രണവും ഉണ്ട്. സൽമാൻ രാജകുമാരൻ ഖഷോഗിയെ രാജ്യത്തിന് ഭീഷണിയായാണ് കണ്ടിരുന്നത്. അദ്ദേഹത്തെ നിശബ്ദനാക്കാൻ അക്രമാസക്തമായ നടപടികൾ എടുക്കാൻ വരെ തയ്യാറായിരുന്നു - റിപ്പോർട്ടിൽ പറയുന്നു.
സർക്കാരിന്റെ പ്രതികാരം, ശിക്ഷ എന്നിവ ഭയപ്പെടാതെ വ്യക്തികൾക്ക് അവരുടെ മനുഷ്യാവകാശങ്ങളും മൗലിക സ്വാതന്ത്ര്യവും വിനിയോഗിക്കാൻ കഴിയണം. തന്റെ വിശ്വാസങ്ങളിൽ അടിയുറച്ച് നിന്നതിനാലാണ് ഖഷോഗിയ്ക്ക് ജീവൻ നഷ്ടമായത്-
റിപ്പോർട്ട് സമർപ്പിച്ച ശേഷം, യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞത്
 ഉപരോധം ഏർപ്പെടുത്തി അമേരിക്ക
റിപ്പോർട്ട് പുറത്ത് വിട്ട ശേഷം കേസുമായി ബന്ധപ്പെട്ട 76 സൗദി പൗരന്മാരെ അമേരിക്ക കരിമ്പട്ടികയിൽപ്പെടുത്തി.ഇവരുടെ കുടുംബാംഗങ്ങൾക്കും വിലക്ക് ബാധകമായിരിക്കുമെന്നാണ് വിവരം.അതേസമയം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന് ഉപരോധം ഏർപ്പെടുത്തിയിട്ടില്ല.
ഖഷോഗി ബാൻ എന്ന പേരിൽ പുതിയ നിയന്ത്രണവും അമേരിക്ക ഏർപ്പെടുത്തിയിട്ടുണ്ട്. ഖഷോഗിയ്ക്ക് ആദരമായാണിത്. ഗുരുതരമായ കുറ്റകൃത്യങ്ങളിലും ഭീകര പ്രവർത്തനങ്ങളിലും ഏർപ്പെടുന്ന വിദേശരാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധികൾക്ക് യുഎസിൽ പ്രവേശനം വിലക്കുന്നതാണ് ഈ നടപടി. മാദ്ധ്യമപ്രവർത്തകരെ അപമാനിക്കുകയും നിശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവരും നിരോധനത്തിന്റെ പരിധിയിൽ വരും.
റിപ്പോർട്ടിലെ പരാമർശങ്ങൾ തെറ്റാണ് ഇത് അംഗീകരിക്കാനാകില്ല - സൗദി
 ജമാൽ ഖഷോഗി
 സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാന്റെയും ഭരണാധികാരി സൽമാൻ രാജാവിന്റേയും നിശ്ശിത വിമർശകനായിരുന്നു മാദ്ധ്യമപ്രവർത്തകനായ ജമാൽ ഖഷോഗി
 എഴുത്തുകാരനും വാഷിംഗ്ടൺ പോസ്റ്റിലെ കോളമിസ്റ്റും അൽ അറബ് ചാനലിന്റെ എഡിറ്റർ-ഇൻ ചീഫും ആയിരുന്ന ഖഷോഗി സൗദി പുരോഗമനവാദികൾക്ക് ഇടം നൽകിയിരുന്ന 'അൽ വതൻ' എന്ന പത്രത്തിന്റെ പത്രാധിപരായും പ്രവർത്തിച്ചു.
 2017 സെപ്തംബറിൽ സൗദി അറേബ്യയിൽ അദ്ദേഹം പാലായനം ചെയ്തു
 തുർക്കി നഗരത്തിലെ സൗദി അറേബ്യൻ കോൺസുലേറ്റിൽ വച്ച് 2018 ഒക്ടോബർ 2
ന് ഖഷോഗി കൊല്ലപ്പെട്ടു. മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല.