saikumar

വില്ലൻ വേഷവും, നായക വേഷവുമൊക്കെ തന്റെ കയ്യിൽ ഭദ്രമാണെന്ന് തെളിയിച്ച നടനാണ് സായി കുമാർ. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ റാംജിറാവു സ്പീക്കിംഗ്, കുഞ്ഞിക്കൂനൻ, മാന്നാർ മത്തായി സ്പീക്കിംഗ്, ക്രിസ്ത്യൻ ബ്രദേഴ്‌സ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെയാണ് അദ്ദേഹം മലയാളികൾക്ക് പ്രിയങ്കരനായത്.

അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാൽ -ജീത്തുജോസഫ് ചിത്രം ദൃശ്യം 2ലും ശ്രദ്ധേയ വേഷത്തിലെത്തി. നടന്റെ 29 വർഷം മുമ്പുള്ള ഒരു അഭിമുഖം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. അന്നത്തെ മലയാള സിനിമയെക്കുറിച്ചുള്ള തന്റെ അഭിപ്രായമാണ് അഭിമുഖത്തിൽ താരം പങ്കുവയ്ക്കുന്നത്.

'ഇപ്പോഴത്തെ മലയാള സിനിമയെപ്പറ്റി ആർട്ടിസ്റ്റ് എന്ന നില ഒഴിച്ചിട്ട് പറഞ്ഞാൽ, സത്യം പറഞ്ഞാൽ സഹിക്കാൻ പറ്റാത്തതാ.വേറെയൊന്നും കൊണ്ടല്ല. റാംജിറാവും സ്പീക്കിംഗ് എന്ന പടമിറങ്ങിയ ശേഷം നാല് പേർ ഒരു പെട്ടി, ഇല്ലെങ്കിൽ നാല് പേർ ഒരു കൊച്ച്. അല്ലെങ്കിൽ എന്തെങ്കിലും ഒരു കോമഡി, എന്തെങ്കിലും സംഭവം കാണിച്ചുകൂട്ടുക എന്ന പ്രവണതയിലേക്ക് വന്നു.

ഹ്യൂമർ എന്താ കോമഡി എന്താണെന്ന് അറിയാൻ പറ്റാത്ത അവസ്ഥയാണോയെന്ന് എനിക്കറിയില്ല. ഹ്യൂമറും കോമഡിയും ഒന്നു തന്നെയാണെന്ന് വിചാരിച്ചിരിക്കുന്ന പാർട്ടികളായിരിക്കാം ചിലപ്പോൾ. എനിക്കെന്തായാലും അതിനെപ്പറ്റി അറിയാൻ മേല.

പണ്ടത്തെ സിനിമകളൊക്കെ കണ്ടിരിക്കുമ്പോഴുള്ള ഒരു സുഖം, അതായത് ഓർമയിൽ നിൽക്കുന്ന കുറച്ച് കഥാപാത്രങ്ങൾ, അല്ലെങ്കിൽ ഓർമയിൽ നിൽക്കുന്ന നല്ല സിനിമകൾ... ഇപ്പോൾ എതാണ് ഓർമയിൽ നിൽക്കുന്നത് ഉള്ളത്? ഒന്നുമില്ല, അഭിനയിച്ച പടത്തിന്റെ പേര് പോലും സത്യം പറഞ്ഞാൽ ഓർക്കില്ല. കാരണം എന്താന്നുവെച്ചാൽ പാടാത്ത വീണയും പാടും, നിന്നെ ഞാൻ കണ്ടു ഞാൻ നിന്നെ കണ്ടില്ല...ഇങ്ങനത്തെ സിനിമയൊക്കെയാണ് ഇപ്പോൾ ഇറങ്ങുന്നത്.- അദ്ദേഹം പറഞ്ഞു.

അഭിമുഖത്തിൻറെ പൂർണ്ണരൂപം