ramesh-chennithala

തിരുവനന്തപുരം: ഇ എം സി സി വിവാദത്തിൽ ധൈര്യമുണ്ടെങ്കിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കട്ടെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീരദേശത്തെ കബളിപ്പിച്ച സർക്കാരാണ് കേരളത്തിലേത്. ഒന്നും അറിയില്ല എന്ന നിലപാട് ആശ്ചര്യകരമാണ്. ജനങ്ങളുടെ ബുദ്ധിശക്തിയെ പരിഹസിക്കരുതെന്നും ചെന്നിത്തല പറഞ്ഞു.

ചീഫ് സെക്രട്ടറിയായിരുന്ന ടോം ജോസ് വാഷിംഗ്ട‌ണിൽ വച്ച് ഇ എം സി സിയുമായി ചർച്ച നടത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിക്കൊപ്പം സഞ്ജയ് കൗളും ഉണ്ടായിരുന്നു. നിയമനങ്ങൾക്ക് മാത്രമല്ല ധാരണാപത്രങ്ങൾക്കും പിൻവാതിലാണെന്നും ചെന്നിത്തല പരിഹസിച്ചു.

സ‌്‌പ്രിൻക്ലർ കരാറിന് സമാനമാണ് ഇ എം സി സി കരാറും. ഒന്നും മറയ്‌ക്കാനില്ലെങ്കിൽ സർക്കാർ എന്തിന് ജുഡീഷ്യൽ അന്വേഷണത്തെ ഭയപ്പെടണം. ധൈര്യമുണ്ടെങ്കിൽ അന്വേഷണത്തിന് തയാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ആശ്ചര്യം കളളം കളളക്കളി കയ്യോടെ പിടികൂടിയപ്പോൾ ഉളളതാണ്. താൻ ഒന്നും അറിഞ്ഞില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിപക്ഷത്തെ ആശ്ചര്യപ്പെടുത്തുന്നു. സഭാംഗക്കൾക്ക് മറവിരോഗമാണ്. മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കുമെല്ലാം ഒന്നും ഓർമ്മയില്ല. മത്സ്യത്തൊഴിലാളികൾ കേരളത്തിന്റെ സൈന്യമെന്ന് പറഞ്ഞ് അവരെ കബളിപ്പിക്കുകയാണ്. പ്രതിപക്ഷം ഇത് പുറത്തുകൊണ്ടുവന്നില്ലായിരുന്നെങ്കിൽ കഴിഞ്ഞ ക്യാബിനറ്റ് എല്ലാത്തിനും അംഗീകാരം നൽകുമായിരുന്നുവെന്നും ചെന്നിത്തല പറഞ്ഞു.