nss-govt

കോട്ടയം: സംസ്ഥാന സർക്കാരിനെതിരെ വീണ്ടും രൂക്ഷവിമർശനവുമായി എൻ.എസ്.എസ്. സർക്കാരിന് ഇരട്ടത്താപ്പ് നയമാണെന്ന് എൻഎസ്എസ് അഭിപ്രായപ്പെട്ടു. ദേശാഭിമാനിയിൽ മന്നത്തെ കുറിച്ചു വന്ന ലേഖനം അതിന് ഉദാഹരണമാണ്, ആവശ്യമുള‌ളപ്പോൾ മന്നത്തെ നവോത്ഥാന നായകനാക്കുന്ന സർക്കാർ അവസരം കിട്ടുന്നിടത്തെല്ലാം അദ്ദേഹത്തെ അവഗണിക്കുകയാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പത്രക്കുറിപ്പിൽ പറയുന്നു. ഗുരുവായൂർ സത്യാഗ്രഹ സ്‌മാരകത്തിൽ നിന്നും മന്നത്തെ ഒഴിവാക്കിയത് അധാർമ്മികവും ബോധപൂർവവുമായ അവഗണനയായാണ് എൻ.എസ്.എസ് കാണുന്നത്.

മന്നം സമാധിദിനത്തിലാണ് സിപിഎം സംസ്ഥാന സമിതിയംഗം ഡോ.വി. ശിവദാസൻ മന്നത്തു പദ്‌മനാഭനെ പ്രകീർത്തിച്ച് ദേശാഭിമാനിയിൽ ലേഖനമെഴുതിയത്. എകെജിയോടൊപ്പം മന്നത്തിന് സ്ഥാനം നൽകിയ ലേഖനത്തിൽ ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പ്രചാരണത്തിന് എകെജി തിരുവനന്തപുരത്തേക്ക് നയിച്ച ജാഥയിൽ പലയിടത്തും മന്നം പ്രസംഗിച്ചതായും സത്യാഗ്രഹികൾക്ക് പെരുന്നയിലെ തന്റെ വീട്ടിൽ മന്നം ആഹാരം നൽകിയെന്നും. ജാഥ വിജയിപ്പിക്കാൻ മുൻകൈയെടുത്തെന്നും ലേഖനത്തിലുണ്ട്. കെ.കേളപ്പൻ, സുബ്രഹ്‌മണ്യൻ തിരുമുമ്പ്, എകെജി എന്നിങ്ങനെ ഗുരുവായൂർ സത്യാഗ്രഹത്തിൽ പ്രവർത്തിച്ചവർ വടക്കൻ കേരളത്തിൽ നിന്നായിരുന്നെങ്കിൽ മന്നം തെക്കൻ കേരളത്തിൽ നിന്നായിരുന്നു. രാഷ്‌ട്രീയ അഭിപ്രായ വ്യത്യാസമുള‌ളപ്പോഴും നവോത്ഥാന സമരങ്ങളിൽ മന്നത്തിന്റെ സംഭാവന കുറച്ചുകാണാൻ കഴിയില്ലെന്നുമായിരുന്നു ലേഖനം.